
തലയോലപ്പറമ്പ് : കൊച്ചി മരടിൽ നിയമവിരുദ്ധമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി വിധിയെ അട്ടിമറിക്കുന്നതിനായി ചേരുന്ന സർവ്വകക്ഷിയോഗത്തിനെതിരെ ദളിത് ഐക്യസമിതി നിൽപ്പ് സമരം നടത്തി. പണക്കാർക്കും ആദിവാസികൾക്കും രണ്ട് തരം നീതിയോ എന്ന ചോദ്യമുയർത്തിയാണ് നിൽപ്പ് സമരം നടത്തിയത്. ചെമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ദളിത് ഐക്യസമിതി സംസ്ഥാന കമ്മിറ്റി നേതാവ് എം.കെ.രാജപ്പൻ നിൽപ്പ് സമരം നടത്തി. ഇന്ത്യൻ ദളിത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് കെ. പ്രഭാകരൻ, ആനന്ദൻ, എം. കെ. ദാസൻ, കെ.വി. കരുണാകരൻ, കെ.ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. സാധാരണക്കാരെ കുടിയിറക്കുന്നതിനും ഭൂമി ചോദിക്കുന്ന ആദിവാസികളോടും ദളിതരോടും യാതൊരു മാനുഷിക പരിഗണനയും കാണിക്കാത്ത ഇടതുവലതു മുന്നണികൾ നിയമവിരുദ്ധ ഫ്ലാറ്റുകൾക്കു വേണ്ടി മാനുഷിക പരിഗണനയെന്ന മട്ടിൽ രംഗത്തുവരുന്ന ഇരട്ടത്താപ്പിനെതിരെയാണ് സമരം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.