കോട്ടയം: ജനസംഖ്യയിൽ പകുതിയിലേറെ ഹിന്ദുക്കളുള്ള പാലാ മണ്ഡലത്തിൽ ശബരിമലയിൽ തൊടാതെ, യു.ഡി.എഫ് അഴിമതി ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഇടതു ഭരണത്തിനെതിരെ ആഞ്ഞടിച്ച് എ.കെ. ആന്റണിയും ജനങ്ങളെ ഇളക്കി മറിക്കാനെത്തിയതോടെ പ്രചാരണത്തിന്റെ അവസാന ലാപ്പ് തീപാറുന്നതായി. ത്രിപുരയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച സുനിൽ ദിയോദർ എൻ.ഡി.എയുടെ പ്രചാരണത്തിന് എത്തിയതോടെ ശക്തമായ ത്രികോണമത്സരത്തിന്റെ പ്രതീതിയുമായി.
മൂന്ന് ദിവസം പാലായിൽ തങ്ങുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്ന് പൊതു യോഗങ്ങളിൽ പങ്കെടുത്തു. മന്ത്രിമാരായ എം.എം. മണി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു. അര ഡസനിലേറെ ഇടതു മന്ത്രിമാർ കുടുംബയോഗങ്ങളിലും സംബന്ധിച്ചു.
വൈകിട്ട് കുരിശുപള്ളി കവലയിലെ സമ്മേളനത്തിൽ എ.കെ. ആന്റണി ഇടതു സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ആഞ്ഞടിച്ചു.
മാണി സഹതാപം, റബർ വിലയിടിവ്, ശബരിമല തുടങ്ങി കത്തിപ്പടരാത്ത വിഷയങ്ങളിൽ ചുറ്റി നിന്ന പ്രചാരണത്തിന് കൊണ്ടും കൊടുത്തും ഇരുവരും ചൂട് പകർന്നു. പ്രചാരണം തീരാൻ മൂന്ന് ദിവസം ശേഷിക്കേ താനും യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി രംഗത്തുണ്ടെന്ന് കാണിക്കാൻ പി.ജെ. ജോസഫ് ആന്റണിക്കൊപ്പം വേദിയിലെത്തിയതും ശ്രദ്ധേയമായി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാൻ, ജോസ് കെ. മാണി തുടങ്ങിയവരും സംബന്ധിച്ചു.
എൻ.ഡി.എയ്ക്കായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഇന്നെത്തും. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു, അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, ഒ. രാജഗോപാൽ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, തുടങ്ങിയവരും വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
അഴിമതി ഇനി നടക്കില്ല: പിണറായി
പാലാ: കേരളത്തെ അഴിമതി വിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആര് അഴിമതി കാട്ടിയാലും കർശന നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി.എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ പ്രചാരണത്തിന്റെ ഭാഗമായി പാലാ മണ്ഡലത്തിലെ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയെ പറ്റിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ പിണറായി തള്ളി. യു.ഡി.എഫ് ഭരണകാലത്ത് അഴിമതിക്ക് കുപ്രസിദ്ധമായിരുന്നു കേരളം. അഴിമതിയുടെ ആ ദുർഗന്ധം ഇനി ഉണ്ടാവില്ല. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണെന്ന് കേന്ദ്രം വരെ അംഗീകരിച്ചു. അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കാണ് എൽ.ഡി.എഫ് സർക്കാർ നീങ്ങുന്നത്. ആര് അഴിമതി കാണിച്ചാലും രക്ഷപ്പെടില്ല. കർക്കശ നടപടിയുണ്ടാകും. പാലാ ഇടതു മുന്നണിക്കൊപ്പം നിന്നില്ല എന്നതുകൊണ്ട് വികസനത്തിൽ വിവേചനം ഉണ്ടായിട്ടില്ല. 50,000 കോടിയുടെ പദ്ധതി ലക്ഷ്യമിട്ടു. 45,000 കോടിയിലധികം രൂപയുടെ പദ്ധതി ആരംഭിച്ചു. എൽ.ഡി.എഫിന്റെ വികസനത്തിനൊപ്പം നിൽക്കാൻ മാണി സി. കാപ്പൻ വിജയിക്കേണ്ടത് ആവശ്യമാണ്. വോട്ടർമാർക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. മൂന്നേകാൽ വർഷം മുമ്പ് സംസ്ഥാനമാകെ വല്ലാത്ത നിരാശയും മടുപ്പുമായിരുന്നു. എൽ.ഡി.എഫ് ഭരണത്തിൽ അതിന് മാറ്റം വന്നു.
ഇന്ന് മുത്തോലിക്കവല, പൈക, കൂരാലി എന്നിവിടങ്ങളിലെ സമ്മേളനങ്ങളിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രി നാളെയും മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും.