കോട്ടയം: ചെറുപ്പക്കാരുടെ അഭിപ്രായത്തിന് വില നൽകിയിരുന്ന വ്യക്തിത്വമായിരുന്നു പത്രാധിപർ കെ.സുകുമാരനെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മാറ്റുന്നതിന് കേരളകൗമുദിയും പത്രാധിപരും മികച്ച സംഭാവനയാണ് നൽകിയത്. പാർശ്വവത്കരിക്കപ്പെട്ടവരെ മുന്നണിയിൽ എത്തിക്കുന്നതിനും പത്രാധിപർ നടത്തിയ സേവനങ്ങൾ മഹത്തരമായിരുന്നു. കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രസ്‌ക്ലബ് ഹാളിൽ നടന്ന പത്രാധിപർ കെ.സുകുമാരൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഉയർച്ചയ്‌ക്ക് പുതുതലമുറ മുന്നിൽ നിൽക്കണമെന്നായിരുന്നു പത്രാധിപരുടെ ആശയം.
സ്വന്തം അനുഭവത്തിന്റെ പശ്‌ചാത്തലത്തിലല്ലാതെ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല. തങ്ങളുടെ കാലത്ത് രാഷ്‌ട്രീയത്തിൽ സജീവമായിരുന്നവർക്കെല്ലാം പത്രാധിപർ കെ.സുകുമാരനെപ്പറ്റി ഓർമ്മകൾ പങ്കുവയ്‌ക്കാനുണ്ടാകും. പത്രാധിപർ എന്ന പേരിൽ വിളിക്കപ്പെടുന്ന ഒരു മാദ്ധ്യമപ്രവർത്തകൻ കേരളത്തിലുണ്ടെന്നത് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കാർഡാണെന്ന് തിരുവഞ്ചൂർ പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ടവരുടെ ജിഹ്വയായി കേരളകൗമുദിയെ മാറ്റിയത് പത്രാധിപർ കെ.സുകുമാരനാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ പ്രശ‌്‌നങ്ങൾക്കൊപ്പം എന്നും അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ഇടപെടലുകളും കേരളകൗമുദിയുടെ നിലപാടുകളും ഇതിനുദാഹരണമാണ്. അടിച്ചമർത്തപ്പെട്ടവന് മുഖം നൽകിയത് കേരളകൗമുദിയും പത്രാധിപരുമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനു പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, പ്രത്യേക ലേഖകൻ വി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി കോടിമത പത്രാധിപർ സ്‌ക്വയറിലെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. എസ്.എൻ.ഡി.പിയോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം ശശി, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, ആർട്ടിസ്റ്റ് സി.സി അശോകൻ, പത്രാധിപർ പ്രതിമാ നിർമാണ കമ്മിറ്റി കൺവീനർ സദാനന്ദൻ വിരിപ്പുകാല, ചെയർമാൻ അഡ്വ.വി.വി പ്രഭ, ഗുരുമിഷൻ പ്രസിഡന്റ് കുറിച്ചി സദൻ, മോഹൻ ഡി.കുറിച്ചി, അഡ്വ.പി.എൻ അശോക് ബാബു, പിന്നാക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടർ വി.ആർ ജോഷി, പ്രമോദ് തടത്തിൽ, എ.പി മണി, വി.കെ സുഗതൻ, സജീവ് കൂട്ടുമ്മേൽ, ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു, കോട്ടയം ടൗൺ എ ശാഖാ പ്രസിഡന്റ് ദേവരാജൻ,സെക്രട്ടറി ശശി, എൻ.എസ് ഹരിച്ഛന്ദ്രൻ, രാജേന്ദ്ര പ്രസാദ്, കൃഷ്ണൻകുട്ടി, കേരളകൗമുദി വൈക്കം ഏജന്റ് എൻ.രവീന്ദ്രൻ, യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, പ്രത്യേക ലേഖകൻ വി.ജയകുമാർ, ഫ്ളാഷ് ബ്യൂറോ ചീഫ് ജെയിംസ് കുട്ടൻചിറ, സർക്കുലേഷൻ മാനേജർ രവീന്ദ്രൻ, അസി.മാനേജർമാരായ ലെനിൻമോൻ, റോണി, അക്കൗണ്ട്‌സ് മാനേജർ ജോമോൻ ജോസഫ്, ടി. മാത്യൂസ്, ജോർജ് ചെറിയാൻ എന്നിവർ പുഷ്‌പാർച്ചനയിൽ പങ്കെടുത്തു.