വൈക്കം : ബി. എസ്. എൻ. എൽ. ഓഫീസിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം ബി. എസ്. എൻ. എല്ലിനെന്ന് നഗരസഭ. ബി. എസ്. എൻ. എൽ., തപാൽ ഓഫീസുകൾക്കിടയിൽ താലൂക്ക് ആശുപത്രിയുടെ പഴയ വഴി ബി. എസ്. എൻ. എല്ലിന്റെ സ്ഥലമാണെന്നും അവിടെ മാലിന്യം നിക്ഷേപിക്കപ്പെടാതെ നോക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ബി. എസ്. എൻ. എൽ. ആണെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ബി. എസ്. എൻ. എൽ. ഓഫീസിന് സമീപം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശേഷം നഗരസഭയുടെ ആരോഗ്യ വിഭാഗം അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി. എസ്. എൻ. എൽ. അധികൃതർക്ക് പലതവണ കത്ത് നൽകിയതാണെന്ന് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു.വി.കണ്ണേഴൻ പറഞ്ഞു. നഗരസഭയുടെ നിർദ്ദേശം ബി. എസ്. എൻ. എൽ. തുടർച്ചയായി അവഗണിക്കുകയായിരുന്നു. അവിടെ നിന്ന് അടിയന്തിരമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ ബി. എസ്. എൻ. എൽ. അധികൃതരോട് വീണ്ടും ആവശ്യപ്പെടും. അവിടെ മറിഞ്ഞുകിടക്കുന്ന പെട്ടിക്കട എടുത്തുമാറ്റാൻ അതിന്റെ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യമില്ലാത്ത ക്ഷേത്ര നഗരി എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് നഗരസഭ. അത് ഏറെക്കുറെ പ്രാവർത്തികമായിക്കഴിഞ്ഞു. പൊതുവഴികളിൽ നിന്ന് നഗരസഭയുടെ ശുചീകരണ വിഭാഗം സ്ഥിരമായി മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നുണ്ട്. വീടുകളിൽ നിന്ന് നഗരസഭയുടെ ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ചുവരുന്നുണ്ട്. കപ്പേളച്ചിറയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ ജൈവ മാലിന്യങ്ങൾ സംരക്ഷിക്കുന്നതിന് പതിനെട്ട് എയ്റോബിക് സംസ്കരണ യൂണിറ്റുകളാണുള്ളത്. അതിന്റെ എണ്ണം ആവശ്യത്തിനനുസരിച്ച് വർദ്ധിപ്പിക്കും. പ്ലാസ്റ്റിക് ഷ്രെഡ്ഢിംഗ്, വേവിംഗ് യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇനിമുതൽ മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നഗരസഭ ലൈസൻസ് നൽകില്ലെന്നും കണ്ണേഴൻ പറഞ്ഞു.
ബിജു.വി.കണ്ണേഴൻ
(നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നതാണ് സർക്കാരിന്റെയും നഗരസഭയുടെയും മുദ്രാവാക്യം. വരും കാലങ്ങളിൽ പൊതുജന പങ്കാളിത്തമില്ലാതെ മാലിന്യ സംസ്കരണം നടപ്പിലാക്കാൻ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുമാവില്ല. ഉറവിട മാലിന്യ സംസ്കരണം പോലുള്ള ആശയങ്ങളാണ് വേണ്ടത്. മാലിന്യ സംസ്കരണത്തിൽ പൊതുജനങ്ങൾ വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ നഗരസഭ നിരവധി ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കിവരുന്നുണ്ട്.