കോട്ടയം: കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കു നേരെ കുരുമുളക് സ്‌പ്രേ അടിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടു പ്രതികൾ പിടിയിൽ. തിരുവാർപ്പ് സ്വദേശി ബാദുഷാ, സുഹൃത്ത് അഖിൽ എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നെഞ്ചുവേദന മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അഖിലിന്റെ അറസ്റ്റ് ഇന്നേ രേഖപ്പെടുത്തൂ.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് രണ്ടംഗ സംഘം തിരുനക്കര പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിക്കുന്ന എക്‌സ്‌പ്രസ് ബ്ലീസ് എന്ന കൊറിയർ സ്ഥാപനത്തിൽ കവർച്ച നടത്തിയത്. ഒരു ലക്ഷം രൂപയ്‌ക്കടുത്താണ് ഇവർ കവർന്നത്. ആശുപത്രിയിൽ കിടക്കുന്ന മാതാവിന്റെ ചികിത്സയ്‌ക്കും ബൈക്ക് വാങ്ങുന്നതിനുമായാണ് സംഘം കവർച്ച ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ശീമാട്ടി റൗണ്ടാനയ്‌ക്കു സമീപത്തെ വഴിയോരക്കച്ചവടക്കാരനിൽ നിന്നാണ് കൊറിയർ സർവീസ് സ്ഥാപനത്തിൽ പണമുണ്ടെന്നു പ്രതികൾക്ക് വിവരം ലഭിച്ചത്.

ആക്രമണത്തിന് ശേഷം ഇടവഴിയിലൂടെ സി.എം.എസ് കോളേജ് റോഡിലെത്തി അക്രമി സംഘം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഡിവൈ.എസ്.പി ആ‌ർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതികൾക്കായി അന്വേഷണം നടത്തിയത്. വെസ്റ്റ് എസ്.ഐ ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എൻ മനോജ്, സി.പി.ഒ ബൈജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കേസിൽ കൂടുതൽ പ്രതികൾ

കഞ്ചാവ് മാഫിയാ സംഘത്തലവനായ ബാദുഷയുടെ സംഘത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് സൂചന. രണ്ടു പേർ മാത്രമാണ് കൊറിയർ സ്ഥാപനത്തിനുള്ളിൽ കയറിയതെങ്കിലും കൂടുതൽ യുവാക്കൾ പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ് .