കോട്ടയം: നല്ല പാൽ. നല്ല വില. അതാണ് ക്ഷീര കർഷകരുടെ സ്വപ്നം. മിൽമ ഇന്ന് മുതൽ പാൽ വില വർദ്ധിപ്പിക്കുമ്പോൾ അതിന്റെ ഗുണം എത്രത്തോളം ലഭിക്കുമെന്നു ചോദിച്ചാൽ നഷ്ടം കുറയ്ക്കാൻ ചെറിയ ആശ്വാസമെന്നേ ക്ഷീര കർഷകർക്ക് പറയാനാകൂ.
4 രൂപ കൂട്ടുമ്പോൾ മിൽമയുടെ കർശന ഗുണനിലവാര പരിശോധന കാരണം കഷ്ടിച്ച് 3 രൂപയുടെ വർദ്ധനയേ കർഷകന് കിട്ടൂ. ജില്ലയിൽ മിൽമ സംഘങ്ങൾക്ക് പാൽ നൽകുന്ന പതിനായിരത്തിന് മുകളിൽ കർഷകരുണ്ട്. അതിനു പുറമേ ക്ഷീരോത്പാദകരുടേതായി ജില്ലയിൽ ഇരുന്നൂറോളം സഹകരണ സംഘങ്ങളും ഉണ്ട്. ഇവ മുഖേന പ്രതിദിനം 55,000 ലിറ്റർ പാൽ സംഭരിക്കുന്നു. അതിൽ 49,000 ലിറ്റർ മിൽമയ്ക്കും ബാക്കി നാടൻ ഉപഭോക്താക്കൾക്കും നൽകുന്നു. ജില്ലയ്ക്ക് ആവശ്യമായ മുഴുവൻ പാലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല.
വിലകയറി കാലിത്തീറ്റ
കാലിത്തീറ്റയുടെ വിലക്കയറ്റം ആരു നിയന്ത്രിക്കുമെന്നതാണ് കർഷകരുടെ ചോദ്യം. വില തോന്നും പോലെയാണ് കൂട്ടുന്നത്. 3 മാസം മുൻപ് ചാക്കൊന്നിന് 900 രൂപയ്ക്ക് കിട്ടുമായിരുന്നു. ഇപ്പോൾ അത് 1350 രൂപയായി. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സിന് പോലും 1300 രൂപയാണ്. കുതിച്ചുയർന്ന കാലിത്തീറ്റ വില നിയന്ത്രിക്കാൻ കഴിയാത്തതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം.
കൊഴുപ്പിന്റെ അളവ് കർശനമായി പരശോധിച്ചാണ് സംഘങ്ങൾ വഴി മിൽമ പാൽ എടുക്കുന്നത്. ഒരേ പശുവിന്റെ പാലാണെങ്കിലും ഓരോ ദിവസവും പല ഗുണമാണ്. കാലിത്തീറ്റ, പുല്ല് എന്നിവ മാറുന്നതിന് അനുസരിച്ച് ഗുണത്തിലും മാറ്റം വരുന്നതായി കർഷകർ പറയുന്നു. ഒരു പശുവിനെ തന്നെ കറക്കുമ്പോൾ ആദ്യം കിട്ടുന്ന പാലിനു കൊഴുപ്പ് കൂടുതൽ കാണിക്കും. അവസാനമാകുമ്പോഴേക്കും കൊഴുപ്പ് കുറയും. ഇതിന് അനുസരിച്ച് വിലയിലും വ്യത്യാസം വരും.
കർഷകരുടെ പ്രശ്നം
*കാലിത്തീറ്റയുടെ വിലക്കയറ്റം
*കൊഴുപ്പിലെ വ്യത്യാസം
*വിലകൂട്ടിയാലും നഷ്ടം മാറില്ല
" ലിറ്ററിന് നാലുരൂപ കൂട്ടുമെന്ന് പറയുമ്പോഴും കർഷകർക്ക് കാര്യമായ പ്രയോജനമില്ല. തീറ്റവില അത്രയ്ക്ക് കൂടിയിട്ടുണ്ട്. സർക്കാർസംവിധാനങ്ങളുടെ ഇടപെടലാണ് ആവശ്യം''-
ജോസഫ്, ക്ഷീരകർഷക കൂട്ടായ്മ, പാല
സംഭരിക്കുന്നത്
55,000
ലീറ്റർ പാൽ