കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപം. അമിതവേഗവും അശ്രദ്ധയും നിയമപാലകരുടെ അഭാവവുമാണ് മിക്ക അപകടങ്ങൾക്കും കാരണം. കഴിഞ്ഞദിവസം മുണ്ടക്കയം 31ാം മൈലിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായതാണ് ഒടുവിലത്തെ വലിയ അപകടം. ഭാഗ്യവശാൽ വൻ ദുരന്തം ഒഴിവായെങ്കിലും ഈ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ദേശീയ പാതയിൽ വാഴൂർ പുളിക്കൽകവല മുതൽ കൊടും വളവുകളാണ്. കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്താണ് അപകടമേറെയും. യാതൊരു ഗതാഗത നിയന്ത്രണവും പാലിക്കാതെ അമിതവേഗതയിൽ പായുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും. കോട്ടയം കുമളി റോഡ് ദേശീയപാതയായി മാറിയെങ്കിലും അന്താരാഷ്ട്രനിലവാരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.അപകടവളവുകൾ നിവർക്കുവാനോ റോഡിന് വീതി കൂട്ടാനോ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല മുന്നറിയിപ്പ് ബോർഡുകൾപോലുമില്ല.അനധികൃത പാർക്കിംഗും പുറമ്പോക്ക് കയ്യേറിയുള്ള കച്ചവടക്കാരേയും ഒഴിപ്പിച്ചാൽ കാൽനടയാത്രക്കാർക്കെങ്കിലും രക്ഷയാകും അതിനുപോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കാഞ്ഞിരപ്പള്ളിയിൽ ടാക്‌സി ഓട്ടോ വാഹനങ്ങൾക്ക് പ്രത്യേക സ്റ്റാൻഡുകൾ ഇല്ലാത്തതിനാൽ പാതയോരങ്ങളിലാണ് പാർക്ക് ചെയ്യുന്നത്.ചില കച്ചവടക്കാരുടെ കയ്യേറ്റം കാരണം ഇരു ഭാഗത്തേയും ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കുമുള്ള ഇടുങ്ങിയ പാതകളിൽപോലും അനധികൃത പാർക്കിംഗ് പതിവാണ്. പേട്ടക്കവലയിലെ ബസ് സ്റ്റോപ്പുകൾ രണ്ടും നേർക്കുനേരെയാണ്. ഇതേ സ്ഥലത്തുതന്നെയാണ് യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈനും. മറ്റെങ്ങും കാണാത്ത ഇത്തരത്തിലുള്ള തലതിരിഞ്ഞ ഗതാഗതസംവിധാനങ്ങളാണ് കാഞ്ഞിരപ്പള്ളിയും സമീപ പ്രദേശങ്ങളും അപകടമേഖലയായി മാറാൻ കാരണം. സമഗ്രമായ ഗതാഗത പരിഷ്‌ക്കാരവും ഒപ്പം അപകടമേഖലകളിൽ പൊലീസിന്റെ സാന്നിദ്ധ്യവും ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രണമില്ലാതെ....
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടി മുതൽ 26ാം മൈൽ ജംഗ്ഷൻ വരെ നഗരപരിധിയിൽ പാതയുടെ ഇരുവശത്തും യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.ഇതുമൂലം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ് നിത്യവും.കാഞ്ഞിരപ്പള്ളി കഴിഞ്ഞാൽ രക്ഷപെട്ടു എന്നാണ് ദൂരെദേശങ്ങളിൽനിന്നുള്ള സ്ഥിരം യാത്രക്കാർ പറയുന്നത്.