കോട്ടയം: മൂന്നര വർഷത്തെ പിണറായി സർക്കാരിന്റെ വിലയിരുത്തലാവും പാലായിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രചാരണാർത്ഥം കുരിശുപള്ളി കവലയിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
മന്ത്രിസഭാ യോഗം പോലും കാൻസൽ ചെയ്ത് പിണറായി വിജയൻ പാലായിൽ ക്യാമ്പ് ചെയ്താണ് പ്രചാരണ പ്രവർത്തനം നിയന്ത്രിക്കുന്നത് ഇതുകൊണ്ടു യാതൊരു കാര്യവുമില്ല. കെ.എം. മാണിയുടെ ജനകീയ പദ്ധതികളായ കാരുണ്യയും റബർ വിലസ്ഥിരതാ ഫണ്ടും തകർത്തു കളഞ്ഞത് എൽ.ഡി.എഫ് സർക്കാരാണ്. ഇതിന്റെ പ്രതിഷേധം പാലായിലെ ജനങ്ങൾ സർക്കാർ വിരുദ്ധ വോട്ടായി മണ്ഡലത്തിൽ കാട്ടും.
രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ബെന്നി ബഹനാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, വി.എം. സുധീരൻ, പി.സി. ചാക്കോ, ജോസ് കെ. മാണി, ആന്റോ ആന്റണി, തോമസ് ചാഴികാടൻ, ലതികാ സുഭാഷ്, ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.