ചിറക്കടവ്: ശ്രീനാരായണ ഗുരുദേവനെ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ച ചിറക്കടവ് മൂന്നാംമൈൽ കൈതമല മാധവന് ഹൈറേഞ്ച് യൂണിയന്റെ ആദരം. 98 വയസ്സുള്ള മാധവനെ യൂണിയൻ ഭാരവാഹികൾ ഇന്ന് വൈകിട്ട് 6ന് വീട്ടിലെത്തി ആദരിക്കും.
ചിറക്കടവ് 54ാം നമ്പർ എസ്.എൻ.ഡി.പി.യോഗം ശാഖയുടെ സർട്ടിഫിക്കറ്റ് ഗുരുദേവനിൽ നിന്ന് വാങ്ങാൻ 98 വർഷം മുൻപ് നാഗമ്പടം മഹാദേവക്ഷേത്രത്തിൽ പോയപ്പോഴാണ് അദ്ദേഹത്തെ കാണാനും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങാനും ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്. ഹൈറേഞ്ച് യൂണിയനിൽ തന്നെ ഗുരുദേവദർശനം സിദ്ധിച്ച അപൂർവം ആൾക്കാരിലെ മുതിർന്ന അംഗമാണ് മാധവൻ.
യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, സെക്രട്ടറി പി.ജീരാജ് എന്നിവർ വീട്ടിലെത്തി ആദരിക്കുമെന്ന് ചിറക്കടവ് ശാഖാപ്രസിഡന്റ് പി.വി.ദാസ്, കൗൺസിലർ രാജേഷ് കറ്റുവെട്ടിയിൽ എന്നിവർ അറിയിച്ചു. യൂണിയൻ ഭാരവാഹികളും കൗൺസിലർമാരും ഡയറക്ടർ ബോർഡംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.