പാല: മൂന്ന് മുന്നണികളും വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന പാല മണ്ഡലത്തിൽ മുൻനിര നേതാക്കൾ എത്തിയതോടെ പോർമുഖം കടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, എം.എം.മണി, ഇ. ചന്ദ്രശേഖരൻ തുടങ്ങിയ മന്ത്രിസംഘം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ഇടത് ക്യാമ്പിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിച്ചിരിക്കയാണ്.
അതേസമയം മുൻനിര നേതാക്കളെ അണിനിരത്തി യു.ഡി.എഫും ഒപ്പത്തിനൊപ്പമുണ്ട്.കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, കെ.പി.സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ജോണി നെല്ലൂർ തുടങ്ങി ഘടകക്ഷിനേതാക്കളെല്ലാം ഒന്നിച്ചണിനിരക്കുന്നു.
ഇരുമുന്നണികളുടെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടി എൻ.ഡി.എയും കടുത്ത പോരാട്ടത്തിലാണ്. കെ.സുരേന്ദ്രൻ, എം.ടി. രമേശ്, പി.സി. ജോർജ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ ഇന്നലെ മണ്ഡലത്തിൽ പര്യടനം നടത്തി. എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് എത്തുന്നതോടെ എൻ.ഡി.എയുടെ പ്രകടനം ഉഷാറാകും.
കെ.എം. മാണിയുടെ പേരിൽ 54 വർഷമായി യു.ഡി.എഫ് കൈയാളിയിരുന്ന പാല പിടിച്ചടക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഇടതുമുന്നണി. മൂന്നേകാൽ വർഷത്തെ ഭരണനേട്ടം അക്കമിട്ട് നിരത്തുന്നതിനൊപ്പം സർക്കാരിന്റെ വികസനകുതിപ്പിന് പാലായിൽ നിന്നൊരു പ്രതിനിധി വേണമെന്നും മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടു. കാർഷിക മേഖലയിലെ സമഗ്രപുരോഗതിക്കൊപ്പം റബർ, നെല്ല്, തെങ്ങ് കർഷകർക്ക് ഈ സർക്കാർ വന്നതിന് ശേഷമുണ്ടായ നേട്ടങ്ങൾ കണക്കുകളുടെ പിൻബലത്തിലാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിക്കുമെന്നും അഴിമതി നടത്തുന്നവർ എത്ര ഉന്നതരായാലും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നും നാളെയും മണ്ഡലത്തിലെ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കാബിനറ്റ് യോഗം പോലും വേണ്ടെന്ന് വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പാലായിൽ തമ്പടിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. പാലാ കുരിശുപള്ളിക്കവലയിൽ നടന്ന യോഗത്തിൽ എ.കെ. ആന്റണി വെല്ലുവിളിക്കുകയും ചെയ്തു. ജനദ്രോഹ നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പാഠം പഠിപ്പിക്കുക, 54 വർഷമായി പാലായുടെ വികസനത്തിന് നെടുനായകത്വം വഹിച്ച കെ.എം. മാണിയോടുള്ള കടപ്പാട് ബാലറ്റിലൂടെ പ്രകടിപ്പിക്കുക ഇത് രണ്ടുമാണ് പാല ഉപതിരഞ്ഞെടുപ്പിലെ പ്രസക്തമായ വിഷയങ്ങൾ. ശബരിമല വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിശ്വാസികളെ വഞ്ചിച്ചു. പിണറായി വിജയന്റെ മർക്കടമുഷ്ടിയും എടുത്തുചാട്ടവുമാണ് ശബരിമലയിൽ കലാപമുണ്ടാക്കിയത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ തിടുക്കം കാട്ടിയ മുഖ്യമന്ത്രി കഴിഞ്ഞ മുന്നേകാൽ വർഷത്തിനിടെയുണ്ടായ ഡസൻ കണക്കിന് കോടതിവിധികൾ നടപ്പിലാക്കുമോ എന്ന് പാലായിൽ പരസ്യമായി പ്രഖ്യാപിക്കണം. വീണ്ടും അധികാരത്തിൽ വന്നാൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ നടപടി എടുക്കുമെന്ന് കേരളത്തിൽ വന്ന് വാഗ്ദാനം നൽകിയ നരേന്ദ്രമോദിയുടെ വഞ്ചനയ്ക്ക് ബി.ജെ.പി നേതാക്കൾ മറുപടി നൽകണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.