ചങ്ങനാശേരി : എം.വൈ.എം.എ. റോഡിൽ നിന്നും സ്റ്റേഡിയം റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മൂക്കുപൊത്തേണ്ട ഗതികേടിലാണ്. റവന്യൂ ടവറിലേക്കും സമീപത്തുള്ള സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, മുനിസിപ്പൽ സ്റ്റേഡിയം, മുനിസിഫ് കോടതി, എക്‌സൈസ് ഡിപ്പാർട്ടമെന്റ്, ഗവ. ജനറൽ ആശുപത്രി, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വക്കീൽ ഓഫീസുകൾ, ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള എളുപ്പവഴിയാണ് സ്റ്റേഡിയം റോഡ്. ഈ റോഡിലാണ് കുറച്ചു നാളുകളായി മാലിന്യങ്ങൾ തള്ളുന്നത് പതിവാക്കിയിരിക്കുന്നത്.

വീതി കുറഞ്ഞ ഈ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതുമൂലം യാത്രക്കാർക്ക് കാൽനടയായി പോകാൻ ബുദ്ധിമുട്ടാണ്. അല്പം ഉയരം കൂടിയ പ്രദേശത്ത് നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മാലിന്യത്തിൽ നിന്നും വെള്ളം ഊർന്നിറങ്ങി എം.വൈ.എം.എ. റോഡിനു നടുവിലായി കെട്ടിക്കിടക്കുന്നു. ദുർഗന്ധം വമിക്കുന്ന ഈ മലിനജലത്തിൽ ചവിട്ടിവേണം യാത്ര ചെയ്യാൻ. ഇത് പല സാക്രമിക രോഗങ്ങൾക്കും കാരണമാകുമെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു.

കെ.എസ്.ആർ.ടി.സി. ബസുകൾ കടന്നുപോകുമ്പോൾ ഈ ചെളിവെള്ളം തെറിച്ച് കാൽനടയാത്രക്കാരുടെ ദേഹത്തുവീഴുന്നതും പതിവാണ്. മഴക്കാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ തെന്നി സ്‌കൂൾ കുട്ടികൾ വീഴുന്നതും ഇവിടെ നിത്യസംഭവമാണ്.