കോട്ടയം: മീറ്റർ നിരക്കിൽ ഒാട്ടോ ഓടിക്കണമെന്ന കളക്ടറുടെ വാറോല ജില്ലയിലെ ഓട്ടോചേട്ടൻമാർ കീറിയെറിഞ്ഞു. എന്തുവന്നാലും മീറ്ററിട്ട് ഓടില്ലെന്ന് അവർ നിലപാടെടുത്തതോടെ യാത്രക്കാരുടെ പ്രതീക്ഷ അസ്തമിച്ചു.
പ്രവർത്തിക്കാത്ത മീറ്ററുള്ളവയും മീറ്ററേയില്ലാത്ത ഒാട്ടോകളും ജില്ലയിലുണ്ട്. മീറ്റർ റേറ്റിലേ കൂലി വാങ്ങാവുള്ളു എന്നിരിക്കെ മിനിമം ചാർജായി നഗരത്തിൽ 40 രൂപ വരെ വാങ്ങുന്നു പല വിരുതൻമാരും.
യാത്രക്കാരുടെ പ്രതികരണ ശേഷിയും നഷ്ടമായ മട്ടാണ്. ഇതിന് ഏറ്റവും വലിയ തെളിവാണ് അമിതകൂലിയുമായി ബന്ധപ്പെട്ട് കളക്ടർക്ക് ലഭിച്ചത് ഒരു പരാതിമാത്രമാണെന്നത്. പരാതി കുറഞ്ഞത് ഓട്ടോറിക്ഷക്കാർ മീറ്റർ നിരക്കിൽ സർവീസ് നടത്തുന്നതുകൊണ്ടല്ല, പ്രതികരിച്ചിട്ട് കാര്യമില്ലെന്ന തോന്നലുകൊണ്ടാണ്. ഓട്ടോറിക്ഷകളെ മീറ്ററിടിപ്പിക്കാനുള്ള കളക്ടറുടെ ആവശവും ചോർന്നമട്ടാണ്.
മീറ്റർ സ്റ്റാമ്പ് ചെയ്തത് 9556
മോട്ടോർ വാഹനവകുപ്പിന്റെ കണക്ക് പ്രകാരം പതിനയ്യായിരത്തിലേറെ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. പക്ഷേ, ലീഗൽ മെട്രോളജിയിൽ മീറ്റർ സ്റ്റാമ്പ് ചെയ്തത് 9556 ഓട്ടോറിക്ഷകൾ മാത്രമാണ്.
മീറ്റർ സീൽ ചെയ്ത ഓട്ടോകൾ
*കോട്ടയം- 4483
*പാലാ - 1711
* വൈക്കം- 1126
* കാഞ്ഞിരപ്പള്ളി- 1035
*ചങ്ങനാശേരി- 1201
''യാത്രക്കാർ പരാതി നൽകിയാൽ നടപടിയുണ്ടാകും. വാട്സാപ്പിലും ഫോണിലും പരാതി നൽകാം. ഓട്ടോറിക്ഷയുടെ നമ്പർ, ഏത് സ്റ്റാൻഡ് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.
'' ജില്ലാ കളക്ടർ
കോഴിക്കോട് പോലുള്ള നഗരത്തെ താരമ്യം ചെയ്ത് കോട്ടയത്ത് മീറ്റർ സംവിധാനം നടപ്പാക്കുക പ്രായോഗികമല്ല. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളും പരിഗണിക്കണം
ഓട്ടോറിക്ഷാ തൊഴിലാളികൾ