pala-election

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ ഒരു പക്ഷത്തേക്കും പ്രത്യേകം ചായ്‌വ് പ്രകടിപ്പിക്കാതെ ആർക്കും പിടികൊടുക്കാത്ത 'റബർ' മനസുമായി നിൽക്കുകയാണ് വോട്ടർമാർ. പുറമേ തരംഗങ്ങളില്ലാതെ ശാന്തമാണെങ്കിലും മീനച്ചിലാറിന്റെ തീരം പങ്കിടുന്ന മണ്ഡലത്തിൽ അടിയൊഴുക്ക് ശക്തമാണ്. 54 വർഷം കെ. എം. മാണിയെ മാത്രം വിജയിപ്പിച്ചിടത്ത് മാണിയും രണ്ടിലയുമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ ജയം നിശ്ചയിക്കുന്നത് രാഷ്ട്രീയ അടിയൊഴുക്കുകൾ ആയിരിക്കുമെന്ന സൂചനയാണ് പ്രചാരണം നൽകുന്നത്.

മൂന്ന് മുന്നണികളുടെയും ദേശീയ സംസ്ഥാന നേതാക്കളുടെ വൻ പടയെത്തി പല വിഷയങ്ങളെടുത്തിട്ടെങ്കിലും വോട്ടർമാരിൽ സജീവ ചർച്ചയാവുന്ന ഒരു വിഷയം കണ്ടെത്തി പ്രചാരണ രംഗം ഇളക്കി മറിക്കാൻ ആർക്കും കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പിലെ വീറിനും വാശിക്കും പകരം വോട്ടർമാരുടെ നിസംഗതയാണ് പൊതുവേ കണ്ടത്. ഇത് പോളിംഗ് ശതമാനത്തെ ബാധിക്കുമോയെന്ന ഭീതിയും മുന്നണി നേതാക്കൾക്കുണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വോട്ടെടുപ്പിന് മുമ്പ് ഉണ്ടാകുമെന്ന പ്രചാരണം പാലായിൽ ശക്തമാണ്. അങ്ങനെയെങ്കിൽ അത് വോട്ടർമാരെ ചെറുതായെങ്കിലും സ്വാധീനിക്കാം.

പരസ്യ പ്രചാരണം അവസാനിക്കേണ്ട നാളെ ഗുരുദേവ സമാധി ആയതിനാൽ ഇന്ന് വൈകിട്ട് മൂന്ന് മുന്നണികളും കലാശക്കൊട്ട് നടത്തും. 21ന് നിശബ്ദ പ്രചാരണമായിരിക്കും. 23നാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണലും നടക്കും.

എ.കെ.ആന്റണി പ്രചാരണ രംഗം ചെറുതായൊന്നിളക്കി മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പാലായിൽ തങ്ങുകയാണ്. രണ്ടാം ദിവസം മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുത്ത അദ്ദേഹത്തിന് ഇന്നും മൂന്ന് യോഗങ്ങളുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കുടുംബയോഗങ്ങളിലും പൊതു യോഗങ്ങളിലും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥിക്കായി കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ ഇന്നലെ പ്രചാരണം നടത്തി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്നത് പാലായിലാണ്. റബർ മേഖലയ്‌ക്ക് കരുത്ത് പകരാൻ സർക്കാർ ചെയ്ത കാര്യങ്ങളാണ് മുഖ്യമന്ത്രി ഇന്നലെ ഉയർത്തിക്കാട്ടിയത്. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച സിയാൽ മോഡൽ റബർ കമ്പനി വന്നാൽ കർഷകർക്ക് ഉണ്ടാകാവുന്ന നേട്ടങ്ങൾ നിരത്തിയ മുഖ്യമന്ത്രി, 1310 കോടി രൂപ റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് സർക്കാർ നൽകിയെന്നും കോൺഗ്രസും യു.ഡി.എഫും പിന്തുണച്ച ആസിയാൻ കരാറാണ് റബർ വില ഇടിച്ച് കർഷകരെ കുത്തുപാളയെടുപ്പിച്ചതെന്നും എല്ലാ യോഗങ്ങളിലും ആവർത്തിച്ചു.