കോട്ടയം: മൂന്നാഴ്ചയോളം നീണ്ട പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ടോടെ സമാപനമാകും. ശ്രീനാരായണ ഗുരു സമാധിയായതിനാൽ മൂന്ന് മുന്നണികളും നാളത്തെ പരസ്യ പ്രചാരണം ഉപേക്ഷിച്ചു. മൈക്കുപയോഗിക്കാതുള്ള നിശബ്ദ പ്രചാരണമേ നാളെ ഉണ്ടാകൂ.

ഇന്ന് വൈകിട്ടാണ് കലാശക്കൊട്ട്. സംഘർഷമൊഴിവാക്കാനായി ടൗൺബസ് സ്റ്റാൻഡ് മുതൽ ടൗൺ ഹാളിന് സമീപം വരെ യു.ഡി.എഫിനും, ടൗൺ ബസ് സ്റ്റാൻഡ് മുതൽ ളാലം പാലം വരെ എൽ.ഡി.എഫിനും,ടൗൺ ഹാളിന് സമീപം മുതൽ ജനറൽ ആശുപത്രി വരെ എൻ.ഡി.എക്കും പ്രത്യേക സ്ഥലം പൊലീസ് അനുവദിച്ചു.

മൂന്ന് മുന്നണികളും കുടുംബ യോഗങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകിയതിനാൽ പുറമേ ആവേശം പ്രകടമല്ല. ഫണ്ടിന്റെ അപര്യാപ്തതയും പ്രചാരണ കൊഴുപ്പിനെ ബാധിച്ചതോടെ പുറമേ നിന്ന് എത്തിയ നേതാക്കൾക്ക് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം പാലായിൽ കാണാനായില്ല.

ദേശീയ സംസ്ഥാന നേതാക്കളുടെ വൻ പടയെത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് ആന്റണിയും അജൻഡ നിശ്ചയിക്കുന്ന തരത്തിലേക്ക് പ്രചാരണം അവസാനം മാറി. ഇതോടെ രാഷ്ടീയം പ്രധാന പ്രചാരണ ആയുധവുമായി.

കെ.എം.മാണിസഹതാപതരംഗമുണ്ടാക്കാനായിരുന്നു പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ യു.ഡി.എഫിന്റെ ശ്രമം, ജോസ് ടോമിന്റെ പോസ്റ്ററിൽ പോലും കെ.എം.മാണിയുടെ ചിത്രം പതിച്ചത് ഇതിനായിരുന്നു. ശബരിമല, റബർ വിലയിടിവ് തുടങ്ങിയവ എടുത്തിട്ടെങ്കിലും അവസാന ഘട്ടത്തിൽ സംസ്ഥാന സർക്കാരിനെതിരായ പ്രചാരണത്തിലേക്ക് യു.ഡിഎഫ് തന്ത്രം മാറ്റി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് ഇതിന് തുടക്കമിട്ടതെങ്കിലും ഏ.കെ.ആന്റണി എത്തിയതോടെ സർക്കാരിനെതിരായ വിധിയെഴുത്താകും പാലായിൽ ഉണ്ടാവുക എന്ന് സമർത്ഥിക്കാനായി ശ്രമം. സർക്കാരിന്റെ കെടുകാര്യസ്ഥതക്കൊപ്പം ശബരിമല വിഷയത്തിന് ആന്റണി ഊന്നൽ നൽകിയതും പാലായിൽ പാതിയിലേറെ വരുന്ന ഹിന്ദു വോട്ടുകളിൽ കണ്ണ് നട്ടായിരുന്നു .

ഇടതു മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പട്ടിക നിരത്തി . ഒപ്പം യു.ഡിഎഫ് ഭരണ കാലത്തെ അഴിമതിയും തുറന്നു കാട്ടി. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുൻ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് പാലായിലെ വോട്ടെടുപ്പിന് മുമ്പ് ഉണ്ടായേക്കുമെന്ന പ്രചാരണം ഇടതുമുന്നണിക്ക് യു.ഡി.എഫിനെ അടിക്കാൻ കിട്ടിയ വടിയായി.

എൻ.ഡി.എ ശബരിമല വിഷയം തുടക്കം മുതൽ എടുത്തിട്ടെങ്കിലും വോട്ടർമാർ വലിയ താത്പര്യം കാണിക്കാതെ വന്നതോടെ മോദിസർക്കാരിന്റെ നേട്ടങ്ങളായി പ്രചാരണ വിഷയം. റബർ വിലയിടിവിന്റെ പാപഭാരം മൻമോഹൻ സിംഗ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം എൻ.ഡി.എ നടത്തിയപ്പോൾ ആസിയാൻ കരാർ ഒപ്പിട്ട കോൺഗ്രസ് സർക്കാരിനെ പഴിചാരി ഇടതു മുന്നണി. റബർ വിലസ്ഥിരതാഫണ്ട് നിറുത്തിയ ഇടതുമുന്നണിയാണ് പ്രശ്നക്കാരെന്ന് യു.ഡി.എഫും വരുത്തിതീർത്തു.

ഗുരു സമാധിയായതിനാൽ നാളെ പരസ്യ പ്രചാരണമില്ല

ഫണ്ടിന്റെ അപര്യാപ്തത പ്രചാരണ കൊഴുപ്പിനെ ബാധിച്ചു

അവസാന അജൻഡ നിശ്ചയിച്ചത് പിണറായിയും ആന്റണിയും

റബർ വിലയിടിവിന്റെ പാപഭാരം ആർക്കെന്നത് പ്രധാന ചർച്ച

ശബരിമല സ്ത്രീപ്രവേശന വിഷയത്തിനും ഊന്നൽ നൽകി

സർക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് യു.ഡി.എഫ്

ഇനി

3

ദിനം