കോട്ടയം: മേലുകാവ് കുരിശുപള്ളി കവലയിലെ 'ബാലന്റെ ബാർബർഷോപ്പ്" തുറക്കാറില്ലെങ്കിലും വരാന്തയിൽ അന്തിച്ചർച്ചക്കാർ പതിവ് തെറ്റാതെയെത്തും.
തടിപ്പണിക്കാരും മേസ്തിരിയും കൂലിപ്പണിക്കാരുമൊക്കെയായ കുറെ സുഹൃത്തുക്കൾ. പണിയില്ലാത്ത ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടി കൊച്ചുകൊച്ചു സന്തോഷങ്ങളും പ്രാരാബ്ദങ്ങളുമൊക്കെ പങ്കുവെയ്ക്കുന്നതിവിടെയാണ്. ഈ കട വരാന്തയിൽ കൊച്ചുബീഡിയും വലിച്ച് വർത്തമാനം പറഞ്ഞിരിക്കുന്നതൊരു രസമാണ്. ഇന്നലെയും അവരുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് പഴയ ഒരു എം -80 ബൈക്കിൽ ഒരാൾ കവലയിൽ വന്നിറങ്ങിയത്. വാഹനം റോഡരുകിൽ ഒതുക്കിവച്ചിട്ട് കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽനിന്ന് കുറേ നോട്ടീസ് എടുത്ത് കവലയിൽ കണ്ടവർക്കെല്ലാം വിതരണം ചെയ്തു. നോട്ടീസുമായി കട വരാന്തയിലുമെത്തി. എല്ലാവരും നോട്ടീസ് വാങ്ങി വായിച്ചു. പാലാ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജോർജ് പൂവേലിയുടെ പ്രകടന പത്രികയായിരുന്നു അത്. 'കണ്ണീരിൽ കുതിർന്ന എന്റെ പ്രകടന പത്രിക' എന്ന തലക്കെട്ടുള്ള നോട്ടീസ് വീതരണം ചെയ്തത് സ്ഥാനാർത്ഥി തന്നെ. നോട്ടീസ് നൽകിയിട്ടും വോട്ടുചോദിക്കാതെ തിരക്കിട്ട് വണ്ടിയിൽ കയറി പോവുകയും ചെയ്തു. അതോടെ, വരാന്തയിലെ സംസാരവിഷയം പാല ഉപതിരഞ്ഞെടുപ്പായി. തടിപ്പണിക്കാരായ രാജു, മർക്കോസ്, മേസ്തിരി തങ്കച്ചൻ, കൂലിപ്പണിക്കാരൻ സണ്ണി എന്നിവർ ചർച്ചയിലേയ്ക്ക് വഴുതി.
ഓ... ഒരു രസവുമില്ലാത്ത തിരഞ്ഞെടുപ്പ്. ആർക്കാ ഇതിനൊക്കെ താൽപര്യം. ആര് ജയിച്ചാലും നമുക്കെന്തായെന്ന സണ്ണിയുടെ നിസംഗഭാവത്തോട് മറ്റ് മൂന്നു പേരും യോജിച്ചില്ല. ഇത്തവണ പാലായിൽ പുതിയ ചരിത്രമെഴുതുമെന്ന് ഉറച്ച് വിശ്വസിക്കുന്ന രാജു അതിനുള്ള കാര്യകാരണങ്ങളും അക്കമിട്ട് നിരത്തി. 52 വർഷത്തെ പാരമ്പര്യമൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഈ നാട് ഇനിയും ഒരുപാട് വികസിക്കാനുണ്ട്. പാലാ പട്ടണവും പരിസരവും മാത്രം വികസിച്ചാൽ പോര, മലയോരമേഖലയിലും വികസനം വേണം. അതിനൊരു മാറ്റം പരീക്ഷിക്കാവുന്നതാണെന്നായിരുന്നു രാജുവിന്റെ അഭിപ്രായം. കേരളകോൺഗ്രസിൽ നടക്കുന്ന വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന കാര്യത്തിൽ ഇടതുപക്ഷക്കാരനായ തങ്കച്ചന് രണ്ടഭിപ്രായമില്ല. സണ്ണിയുടെ നിസംഗത യെക്കുറിച്ചായിരുന്നു മർക്കോസിന്റെ പ്രതികരണം. സണ്ണീ, നീ വോട്ട് ചെയ്യണം. ആർക്ക് ചെയ്യണമെന്നത് അവരവരുടെ താൽപര്യമാണ്. പക്ഷേ ജനാധിപത്യത്തിൽ നമുക്കുള്ള അവകാശം കൈവിട്ടുകളയരുത്. അങ്ങനെ ചർച്ച നീണ്ടുപോയി.
എന്തായാലും കടതുറക്കാൻ ഇനി ബാലൻ വരില്ല. കുറച്ചുനാൾ മുമ്പ് മേലുകാവിലിരുന്ന് മലയാളികളോട് ഒരു കഥപറയാൻ നടൻ ശ്രീനിവാസന്റെ രൂപത്തിൽ വന്ന ബാലൻ ബാക്കിവച്ചിട്ടുപോയതാണ് മജിഷ്യൻ പി.എം. മിത്രയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിലെ തുറക്കാത്ത ബാർബർ ഷോപ്പ്.