prathi-jpg

തലയോലപ്പറമ്പ്: മാല പൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ യുവതിയെ റെയിൽവേ ട്രാക്കിൽ തള്ളിയിട്ട ശേഷം ബാഗുമായി കടന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജാർഖണ്ഡ് സ്വദേശി സോഡോൺ ചാമ്പ്യനാണ് (18) പിടിയിലായത്. ഇന്നലെ രാവിലെ 10 മണിയോടെ വെളളൂർ തോന്നല്ലൂർ സ്രാങ്കുഴി റെയിൽവേ കട്ടിംഗിന് സമീപമാണ് സംഭവം. തോന്നല്ലൂർ പടിഞ്ഞാറെക്കരമലയിൽ സോമന്റെ മകൾ സുജിതാമോളുടെ (32) നാല് പവനോളം വരുന്ന സ്വർണ മാലയാണ് റെയിൽവേ ട്രാക്കിലൂടെ നടന്നു വന്ന മോഷ്ടാവ് കവരാൻ ശ്രമിച്ചത്. വെളളൂരിലെ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ സുജിത അവിടേയ്ക്ക് പോവുകയായിരുന്നു. ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ വരവിൽ പന്തികേടു തോന്നിയ സുജിത പെട്ടെന്ന് മാല ചുരിദാറിനുള്ളിലേക്കിട്ടു. മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തിയെങ്കിലും കഴിയാതെ വന്നപ്പോൾ യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട ശേഷം ബാഗ് കൈക്കലാക്കി ഇയാൾ ഒാടി. ഭയന്ന് വിറച്ച സുജിത സമീപത്തെ സിബിയുടെ വീട്ടിൽ ഓടിക്കയറി വിവരം പറഞ്ഞു. തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തലയോലപ്പറമ്പ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി അഞ്ചു ദിവസം മുൻപാണ് കേരളത്തിൽ പണി തേടി എത്തിയതെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമന്റ് ചെയ്തു. മൊബൈൽ ഫോണും 300 രൂപയും മറ്റ് രേഖകളും ബാഗിലുണ്ടായിരുന്നു. ട്രാക്കിൽ വീണ് തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.