jose-tom
കലാശക്കൊട്ടിന് മുമ്പ് വോട്ടർമാരെ നേരിൽ കാണാനെത്തിയ യു.ഡി. എഫ് സ്ഥാനാർത്ഥി ജോസ് ടോം

കോട്ടയം: കഴിഞ്ഞ കുറെ ആഴ്ചകളായി കേരളം പാലായുടെ പിന്നാലെയാണ്. സ്ഥാനാർത്ഥി നിർണയവും ചിഹ്നതർക്കവും പാലാരിവട്ടം ഫ്ലൈഓവറും കിഫ്ബിയുമെല്ലാം പാലാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമായി. എന്നാൽ, ഈ കോലാഹലങ്ങൾക്കിടയിലും വിധി ഒളിപ്പിച്ചുവച്ചിരിക്കുകയാണ് പാലാ. തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുമ്പോൾ അതെല്ലാം വോട്ടായി മാറും. ഇന്നലെ കലാശക്കൊട്ടിനുശേഷം ഇന്നുംനാളെയും നിശബ്ദ പ്രചാരണമാണ് പാലായിൽ. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളുടേയും പ്രവർത്തകർ. രാഷ്ട്രീയമായ ഏറ്റുമുട്ടലിൽ പ്രചാരണവിഷയങ്ങൾ മാറിമാറി വന്നെങ്കിലും വിധി നിശ്ചയിക്കുക അടിയൊഴുക്കുകളാവും.

mani
കലാശക്കൊട്ടിന് മുമ്പ് വോട്ടർമാരെ നേരിൽ കാണാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ

തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുമ്പോൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പാലായിലെ വോട്ടർമാർ ഏതാണ്ട് മനസിലുറപ്പിച്ച് കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇവിടെ പ്രവചനങ്ങൾക്കും ഊഹാപോഹങ്ങൾക്കും യാതൊരു പ്രസക്തിയുമില്ല. പുറം കാഴ്ചകൾക്കപ്പുറം അടിയൊഴുക്കുകളാണ് ഇവിടെ പ്രാധാനം. ഇത്തവണ മൂന്ന് പ്രധാന മുന്നണികളും പരസ്യ പ്രചാരണത്തിന് വലിയ സ്ഥാനം നൽകിയില്ല. വാൾപോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും ഒഴിവാക്കിയായിരുന്നു പ്രചാരണം. വീടുവീടാന്തരം കയറിയിറങ്ങിയുള്ള വോട്ട് അഭ്യർത്ഥനയ്ക്കാണ് മുൻതൂക്കം നൽകിയത്. കുടുംബയോഗങ്ങളിലാണ് എല്ലാ മുന്നണികളും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ സാമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രചാരണത്തിൽ മുന്നിട്ടുനിന്നു.

പാലാ മണ്ഡലം നിലനിറുത്തുകയെന്നത് കേരള കോൺഗ്രസിന്റെ മാത്രം ചുമതലയല്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോൺഗ്രസിന് ഇത്തവണ പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ വിജയിപ്പിച്ചേ പറ്റൂ. അതിനുളള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇടഞ്ഞുനിന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചതും യു.ഡ‌ി.എഫിന് ആശ്വാസമായി.

hari
കലാശക്കൊട്ടിന് മുമ്പ് വോട്ടർമാരെ നേരിൽ കാണാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരി

ഇടതുമുന്നണി വളരെ ശ്രദ്ധയോടെയാണ് കരുനീക്കങ്ങൾ നടത്തിയത്. ഓരോ പഞ്ചായത്തുകളിലും ഓരോ നേതാക്കളെ ചുമതലകൾ ഏല്പിച്ചായിരുന്നു പ്രചാരണം. എൻ.സി.പിയിലെ മാണി സി.കാപ്പന് വേണ്ടി മൂന്നു ദിവസം പാലായിൽ തങ്ങിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം നടത്തിയത്. ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് കാഴ്ചവച്ചത്. കേന്ദ്ര, സംസ്ഥാന നേതാക്കളെല്ലാം പാലായിൽ എത്തി പ്രചാരണത്തിന് നേതൃത്വം നൽകി. ഇക്കുറി അത്ഭുതം കാട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തിങ്കളാഴ്ച വോട്ടെടുപ്പ് കഴിഞ്ഞാൽ 27വരെ കാത്തിരിപ്പിന്റെ ദിനങ്ങൾ. അന്നറിയാം പാലായുടെ മനസ് ആരോടൊപ്പമാണെന്ന്.