manna-foods

കോട്ടയം: ഹോട്ടലുകളിൽ വിലവിവരം പ്ര‌ദർശിപ്പിക്കണമെന്ന് ഉത്തരവിറക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പുപോലും ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആരും കാണാത്ത രീതിയിൽ ഏതെങ്കിലുമൊരു മൂലയ്ക്ക് വിലവിവരം എഴുതി വയ്ക്കുന്ന ഭക്ഷണശാല നടത്തിപ്പുകാർക്കിടയിലാണ് ഈ വേറിട്ട മാതൃക. പാലാ - ഈരാറ്റുപേട്ട റൂട്ടിലെ ചെത്തിമറ്റത്താണ് കച്ചവടതന്ത്രത്തിന്റെ പുത്തൻ ശൈലിയുമായി രണ്ട് യുവസംരംഭകർ ഭക്ഷണപ്പൊതി വിൽപ്പനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കിഴതടിയൂർ സ്വദേശി രാജേഷ്, വെള്ളിക്കുളം സ്വദേശി ജിൻസ് എന്നിവരാണ് ഈ ശൈലിയുടെ പ്രായോജകർ.

കടകണ്ടാൽ മതി നാവിൽ വെള്ളമൂറും. പൊള്ളിച്ച കരിമീനും പൊരിച്ച ചിക്കനും വരട്ടിയ ഞണ്ടും മാടിവിളിക്കുന്ന ചിത്രങ്ങളല്ല. വിലവിവരസാങ്കേതിക വിദ്യയുടെ നൂതനവിന്യാസമാണ് ഈ കടയുടെ പരസ്യമർമ്മം. പലഹാരങ്ങളുടെ വിലയും തൂക്കവും സുതാര്യം. ഒരു ബിരിയാണി എന്നുപറഞ്ഞാൽ സാധാരണ ഹോട്ടലുകളിൽ കിട്ടുന്നതുപോലെയല്ല ഒരു കിലോയുടെ ഫാമിലി പായ്ക്കാണ്. വീട്ടിലേക്കാവശ്യമായ ബിരിയാണി വാങ്ങാൻ കടയിൽ കയറി വിലചോദിക്കേണ്ടതില്ല, അകലെനിന്നുതന്നെ കണക്കുകൂട്ടി അംഗ- സംഖ്യക്കനുസരിച്ച് വാങ്ങാം.

മത്സ്യ- മാംസ വിഭവങ്ങൾക്ക് തൂക്കത്തിനാണ് വില. കാൽകിലോ ബീഫ് ഫ്രൈ, ഒരുകിലോ ബിരിയാണി .. അതാണ് രീതി. 4 രൂപയ്ക്ക് നൈസ് പത്തിരിയും 5 രൂപയ്ക്ക് കൈകൊണ്ട് തയ്യാറാക്കുന്ന ചപ്പാത്തിയും 8 രൂപയ്ക്ക് പൊറോട്ടയും കിട്ടും. ചെറുകടികൾക്കെല്ലാം 6 രൂപയാണ്.

വലിയ അക്കത്തിൽ അച്ചടിച്ച വിലവിവരപ്പട്ടിക കടയുടെ ചുവരുകൾക്ക് അലങ്കാരവും ഉപഭോക്താവിന്റെ മർമ്മമറിഞ്ഞുള്ള പ്രയോഗവുമാണെന്ന് പറയാതെവയ്യ.