കോട്ടയം: സ്ഥാനാർത്ഥി നിർണ്ണയം മുതൽ പഞ്ചവടിപ്പാലം വരെ മിനിട്ടുകളുടെ വ്യത്യാസത്തിൽ മിന്നിമറഞ്ഞ വിവാദവിഷയങ്ങൾ. വികസനം, അഴിമതി എന്നൊക്കെയുള്ള പഴഞ്ചൻ വാക്കുകളുടെ സ്ഥാനത്ത് കിഫ്ബി, പാലാരിവട്ടം എന്നൊക്കെയുള്ള പുത്തൻപ്രയോഗങ്ങൾ കടന്നുവന്നു. എങ്കിലും ആദ്യാവസാനം തനിമ ചോരാതെ നിലനിന്നൊരു സാധനം 'റബർ' മാത്രമാണ്. മൂന്നുമുന്നണികളും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഏറ്റവുമധികം വലിച്ചുനീട്ടിയത് റബറായിരുന്നു. 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പരമാവധി ടാപ്പുചെയ്യുകയെന്ന ലക്ഷ്യത്തിൽ വേണ്ടിടത്തും വേണ്ടാത്തിടത്തും വലിച്ചുനീട്ടി. മണ്ഡലത്തിലെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയും നേതാക്കളുമെത്തി റബറധിഷ്ഠിത നേട്ടങ്ങളെല്ലാം ഏറ്റെടുക്കുകയും കോട്ടങ്ങൾ എതിരാളികളുടെ തലയിൽ വച്ചുകെട്ടുകയും ചെയ്തു. വിലക്കുറവിന് കാരണക്കാർ ഞങ്ങളല്ല, 'അവരാണ്' എന്ന് എല്ലാവരും കുമ്പസാരിച്ചു.

പാലാ പിടിക്കാമെന്ന പ്രതീക്ഷയിൽ എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും റബറിന്റെ കാര്യത്തിൽ 'അവരെ' കുറ്റപ്പെടുത്തി. മൻമോഹൻ സിങ്ങിന്റെ കോൺഗ്രസ് സർക്കാരാണ് ഉത്തരവാദികൾ. ആസിയാൻ കരാറിൽ ഒപ്പിട്ടില്ലായിരുന്നെങ്കിൽ എല്ലാം ശരിയാക്കാമായിരുന്നു. കരാറിൽ ഒപ്പു വയ്ക്കരുതെന്ന് ഞങ്ങൾ പലതവണ പറഞ്ഞതാണ്, കേട്ടില്ല. ഇപ്പോ എന്തായി...? എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ വാദങ്ങൾ. എന്നാൽ കെ.എം. മാണി നടപ്പാക്കിയ റബർ വിലസ്ഥിരത ഫണ്ട് പിണറായി സർക്കാർ അട്ടിമറിച്ചതാണ് ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണമെന്ന് പ്രതിപക്ഷവും തുറന്നടിച്ചു. മോദി സർക്കാർ സിന്തറ്റിക് റബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതുകൊണ്ട് മാത്രമാണ് ഇന്ന് റബർവില നൂറിൽ താഴേ പോകാതെ പിടിച്ചുനിലനിൽക്കുന്നതെന്ന് എൻ.ഡി.എയും അവകാശപ്പെട്ടു.