പാലാ: എൻ.ഡി.എ പാലായിൽ പ്രകടനപത്രിക പുറത്തിറക്കി. എൻ.ഡി.എ ഓഫീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മേഖല പ്രസിഡന്റ് അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരിയ്ക്ക് പത്രിക നൽകി ഒ. രാജഗോപാൽ എം.എൽ.എ പ്രകാശനം നിർവഹിച്ചു. റബർ വ്യവസായ ഇടനാഴി, റബർ കാർഷിക വിളയായി പ്രഖ്യാപിക്കാൻ നടപടി, മീനച്ചിൽ നദീസംരക്ഷണ പദ്ധതി നടപ്പാക്കും, കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം, മുഴുവൻ ആളുകളെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും, പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ, ഭവനരഹിതർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട്, കാർഷിക, ക്ഷീര മേഖലയിൽ കർഷകക്ഷേമ പദ്ധതികൾ , പാലാ നഗരത്തെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തും, തകർന്ന സഹകരണ സ്ഥാപനങ്ങളെ കേന്ദ്രസഹകരണ സംരഭങ്ങളാക്കി മാറ്റും, കായിക കോംപ്ലക്‌സ് സ്ഥാപിക്കും, തീർത്ഥാടന ടൂറിസം നടപ്പാക്കും, വനിതാ ശാക്തീകരണത്തിനായി സഹകരണ സംഘങ്ങൾ രൂപീകരിക്കും, എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം സ്ഥാപിക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീയുവാക്കളെ തൊഴിൽ സംരംഭകരാക്കും, കയ്യേറ്റങ്ങൾ ഒഴിപ്പിക്കും എന്നിവയാണ് വാഗ്ദാനങ്ങൾ. തിരഞ്ഞെടുപ്പ് ചെയർമാൻ പി.സി.ജോർജ്ജ് എം.എൽ.എ, ജനറൽ കൺവീനർ ബിനു പുളിക്കക്കണ്ടം എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനപത്രിക തയ്യാറാക്കിയത്. സ്ഥാനാർത്ഥി എൻ.ഹരി, പി.സി.തോമസ്, കെ.പി.ശ്രീശൻ, ബിനു പുളിക്കക്കണ്ടം, പി.എം. വേലായുധൻ, അഡ്വ. പി.ജെ. തോമസ്, ബിഡ്‌സൺ മല്ലികശ്ശേരി എന്നിവർ പങ്കെടുത്തു.