ചിറക്കടവ്: തന്റെ എട്ടാമത്തെ വയസ്സിൽ ഭഗവാൻ ശ്രീനാരായണഗുരുദേവവനെ നേരിൽ കണ്ട ഒരുബാലൻ ആ കാഴ്ചയുടെ ഓജസ്സും തേജസ്സും ഒളിമങ്ങാതെ ഹൃദയത്തിൽ സൂക്ഷിച്ച് 90 വർഷങ്ങൾ പിന്നിട്ടു. ആത്മനിർവൃതിയുടെ അനർഘനിമിഷങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകി 98കാരനായ കൈതമല മാധവൻ വിങ്ങിപ്പൊട്ടി. എസ്എൻ.ഡി.പി.യോഗം 54ാം നമ്പർ ചിറക്കടവ് ശാഖയിലെ ഏറ്റവും മുതിർന്ന അംഗമായ മാധവനെ കാണുന്നതിനും ആദരിക്കുന്നതിനും ഹൈറേഞ്ച് യൂണിയൻ ഭാരവാഹികൾവീട്ടിലെത്തിയപ്പോഴായിരുന്നു മാധവൻ ഓർമ്മച്ചെപ്പ് തുറന്നത്.ചിറക്കടവ് ശാഖയുടെ സർട്ടിഫിക്കറ്റ് ഗുരുദേവനിൽ നിന്ന് ഏറ്റുവാങ്ങാൻ 90 വർഷം മുൻപ് നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ പോയ സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു മാധവൻ.യൂണിയൻ ഭാരവാഹികൾ മാധവനെ പൊന്നാട അണിയിച്ച് ആദരിച്ചു.ഗുരുദക്ഷിണയും നൽകി. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, സെക്രട്ടറി പി.ജീരാജ്, ഗ്രാമപഞ്ചായത്തംഗം ഷാജി പാമ്പൂരി, യോഗം ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി.എൻ.മോഹൻ, രാജപ്പൻ ഏന്തയാർ, ഷിനു പനക്കച്ചിറ, വിശ്വംഭരൻ കൊടുങ്ങ, രാജേഷ് കറ്റുവെട്ടിയിൽ, ചിറക്കടവ് ശാഖ പ്രസിഡന്റ് പി.വി.ദാസ്, ശാഖാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.