പാലാ: കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ 23 മുതൽ 30 വരെ സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന പഞ്ചമവേദ ഭാഗവതമഹായജ്ഞം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 'ഭാഗവതം നിത്യജീവിതത്തിൽ' എന്നതാണ് മുഖ്യ വിഷയം. 23 ന് വൈകിട്ട് 5ന് സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധസമ്മേളനങ്ങളും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ, യുവപ്രതിഭകളുടെ കലാവിരുന്ന്, എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും ഉണ്ടായിരിക്കും. ദിവസവും രാവിലെ 6 മണിക്ക് തുടങ്ങുന്ന യജ്ഞം വൈകിട്ട് 8 മണി വരെ നീണ്ടുനിൽക്കും. ക്ഷേത്രം തന്ത്രി നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, അക്കീരമൺ കാളിദാസ് ഭട്ടതിരി, അരുണാപുരം ശ്രീരാമാകൃഷ്ണാശ്രമം മഠാധിപതി സ്വാമി വാമദേവാനന്ദ, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ, മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ, കുടക്കച്ചിറ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി അഭയാനന് തുടങ്ങിയവർ വിശിഷ്ടാതിഥികളായി വിവിധ ദിവസങ്ങളിൽ എത്തിച്ചേരുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സി.പി. ചന്ദ്രൻ നായർ, കെ.ആർ. ബാബു കണ്ടത്തിൽ, എസ്.ഡി. സുരേന്ദ്രൻ നായർ, വി. ഗോപിനാഥൻ നായർ, കെ.ആർ. രവി, ശ്രീധരൻ കർത്താ, ടി.എൻ. രാജൻ, സുനിൽ പാലാ എന്നിവർ അറിയിച്ചു.