പാലാ: ഉറങ്ങിക്കിടന്ന പാലാ ഇന്നലെ ഉണർന്നു. പാലാ ജൂബിലിപ്പെരുന്നാൾ പോലെ. പാട്ടും മേളവും ചെണ്ടകൊട്ടും വെടിക്കെട്ടുമൊക്കെയായി സംഗതി പൊളിച്ചു.. ഒരു ദിവസം മുന്നേ കൊട്ടിക്കലാശം നടത്താൻ തീരുമാനിച്ചതോടെ സമയപരിധിയില്ലാതെ പരമാവധി ആവേശം സൃഷ്ടിക്കാൻ മുന്നണികൾക്കായി. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകിട്ട് അഞ്ച് വരെയുണ്ടെങ്കിലും ഗുരുദേവസമാധി പ്രമാണിച്ച് ഒരു ദിവസം മുന്നേ കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിക്കുകയായിരുന്നു. സമയപരിധിയില്ലാഞ്ഞതിനാൽ ഏഴ് മണിയോടെയാണ് കൊട്ടിക്കലാശത്തിന് തിരശീല വീണത്. കേന്ദ്രസേനയുടെയും പൊലീസിന്റെയും കനത്തസുരക്ഷാ വലയത്തിലായിരുന്നു കലാശക്കൊട്ട്. ബസ് സ്റ്റാൻഡ് പരിസരം മുതൽ എൽ.ഡി.എഫും ടൗൺ ഹാൾ മുതൽ ബസ് സ്റ്റാൻഡ് പരിസരംവരെ യു.ഡി.എഫും കടപ്പാട്ടൂർ ക്ഷേത്രം മുതൽ ടൗൺഹാൾ പരിസരം വരെ ബി.ജെ..പിയും കൊട്ടിക്കലാശ വേദിയാക്കി. ഉച്ചയോടെ റോഡ് ബ്ളോക്ക് ചെയ്ത് പൊലീസും സൗകര്യമൊരുക്കി. അലമ്പുണ്ടാക്കുന്നവർക്ക് ചുട്ടമറുപടി നൽകാൻ തോക്കുമായി കേന്ദ്രസേനയും.
വോട്ടുറപ്പാക്കി ജോസ് ടോം
മേലുകാവ് പഞ്ചായത്തിലാണ് ഇന്നലെ ജോസ് ടോം പ്രചാരണം ആരംഭിച്ചത്. ഉച്ചകഴിഞ്ഞപ്പോൾ പ്രവർത്തകർക്കൊപ്പം പാലായിലെത്തി. കൈതച്ചക്ക കൈയിലേന്തിയ പ്രവർത്തകർക്കൊപ്പം നാസിക് വാദ്യമേളങ്ങളുടെ അകമ്പടിയിൽ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്ഥാനാർത്ഥി തുറന്നവാഹനത്തിലെത്തി. പ്രവർത്തകരെ അഭിവാദ്യം ചെയ്ത് വോട്ടുറപ്പാക്കി.
പിണറായിക്കൊപ്പം പര്യവസാനം
മാണി സി.കാപ്പന്റെ കൊട്ടിക്കലാശത്തിന് പിണറായി വിജയന്റെ പ്രസംഗത്തോടെയാണ് പര്യവസാനമായത്. ഉച്ചയോടെ യുവജന സംഘടനാ നേതാക്കൾ ബൈക്ക് റാലി നടത്തി. തുടർന്ന് അമ്മൻകുടം, ചെണ്ടമേളം, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയിൽ ക്ളോക്ക് ചിഹ്നം ഉയർത്തി പ്രവർത്തകർ എത്തി. പ്രവർത്തകരെ ആവേശത്തിലാഴ്ത്തി സ്ഥാനാർത്ഥിയും. കൊട്ടിക്കലാശം മൂന്ന് മണിക്കൂറോളം നീണ്ടു.
* ആവേശത്തിലാഴ്ത്തി ഹരി
ആളും ആരവവും കൊണ്ട് ശ്രദ്ധേയമായത് എൻ.ഹരിയുടെ കൊട്ടിക്കലാശമായിരുന്നു. കരകാട്ടം, നാസിക്ഡോൾ, ചെണ്ടമേളം, അങ്ങനെ നീണ്ടു വാദ്യങ്ങൾ. സ്ത്രീകളടക്കമുള്ളവർ ചിഹ്നവുമേന്തി വരിവരിയായി നീങ്ങി. ഉച്ചവരെയുള്ള ഓട്ട പ്രദക്ഷിണത്തിന് ശേഷമായിരുന്നു ഹരിയുടെ കലാശക്കൊട്ട്. നേതാക്കളായ പി.കെ.കൃഷ്ണദാസ്, എം.ടി രമേശ് അടക്കമുള്ളവരും ഒപ്പമുണ്ടായിരുന്നു.