വൈക്കം : തകർന്ന് തരിപ്പണമായി ഉല്ലല പള്ളിയാട് റോഡ്. പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി നടത്താത്ത പള്ളിയാട് റോഡ് പൂർണ്ണമായി തകർന്ന നിലയിലായിട്ടും വർഷങ്ങളായി. സാധാരണക്കാരായ കർഷകകുടുംബങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശം. പള്ളിയാടിനപ്പുറം തലയാഴത്തിന്റെ കാർഷിക മേഖലയാണ്. പള്ളിയാട് നിവാസികൾക്ക് ജോലിക്ക് പോകാനും ആശുപത്രിയിൽ പോകുന്നത് മുതൽ ചന്തയിൽ പോകാൻ വരെ ഉല്ലലയിലെത്തണം. പള്ളിയാടിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്ന് പള്ളിയാട് എസ് എൻ യു പി സ്കൂളിലേക്ക് കുട്ടികളെത്തുന്നതും ഈ വഴിയിലൂടെ തന്നെ. രണ്ട് വർഷം മുൻപ് ഉല്ലല - പള്ളിയാട് - പുന്നപ്പൊഴി റോഡിന്റെ പുനർനിർമ്മാണത്തിനായി ജോസ്.കെ.മാണി എം.പി യുടെ ശുപാർശയിൽ കേന്ദ്ര ഫണ്ട് അനുവദിച്ചിരുന്നു. ടെണ്ടർ ചെയ്ത് കരാറും കൊടുത്തെങ്കിലും ഇത്ര നാളായിട്ടും പണി തുടങ്ങിയിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് റോഡ് പണിയുടെ ഉദ്ഘാടനം നടത്തിയിരുന്നു. പക്ഷേ അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗം മാത്രമായി വേണം കരുതാൻ. പ്രചാരണ ബോർഡ് സ്ഥാപിക്കാൻ പേരിന് ഒരു ഉദ്ഘാടനം നടത്തിയതല്ലാതെ ഒന്നും നടന്നില്ല. പള്ളിയാട് - ഫാം റോഡിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. കാൽനട യാത്ര പോലും ദുഷ്കരമാണ് ഇതുവഴി. പള്ളിയാട് എസ് എൻ യു പി സ്കൂളിലേക്ക് പോകുന്ന കുട്ടികളാണ് ഏറെയും ദുരിതമനുഭവിക്കുന്നത്.
പി.എസ്.പുഷ്ക്കരൻ
(തലയാഴം ഗ്രാമപഞ്ചായത്തംഗം)
കേന്ദ്രഫണ്ട് അനുവദിച്ചു കിടക്കുന്നതിനാൽ എം എൽ എ യ്ക്കോ ത്രിതല പഞ്ചായത്തുകൾക്കോ റോഡ് നിർമ്മാണത്തിന് പണം അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വനം സൗത്ത് പാടശേഖരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പള്ളിയാട് - ഫാം റോഡിന്റെയും അനുബന്ധ പാലത്തിന്റേയും നിർമ്മാണത്തിനായി 1.92 കോടി രൂപ കൃഷി വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.