footpath

കോട്ടയം: കഴിഞ്ഞ ദിവസം തിരുനക്കരയിലെ കൊറിയർ സർവീസ് സ്ഥാപനം കുരുമുളക് ‌സ്‌പ്രേ പ്രയോഗിച്ച് ശേഷം ആക്രമിച്ച ക്വട്ടേഷൻ സംഘത്തിന് തട്ടുകടകളിൽ നിന്നും സഹായം ലഭിച്ചിരുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ നഗരമദ്ധ്യത്തിലെ അനധികൃത കടകൾ ഒഴിപ്പിക്കാൻ ശക്തമായ നടപടിയുമായി പൊലീസ്. ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ ലൈസൻസില്ലാതെ പ്രവർത്തിച്ച തട്ടുകടകൾ പൊലീസ് ഒഴിപ്പിക്കാൻ തുടങ്ങി. നഗരത്തിലെ വഴിയോരക്കടകൾ കേന്ദ്രീകരിച്ച് കുഴൽപ്പണം മുതൽ ലഹരി മാഫിയ വരെ പ്രവർത്തിക്കുന്നതായി കേരള കൗമുദി ഇന്നലെ റിപ്പോ‌ർട്ട് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ടോടെ പൊലീസ് സംഘം നഗരത്തിലെ മുപ്പതിലേറെ കടകൾ പരിശോധിച്ചു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ എത്രയും വേഗം പൂട്ടിപ്പോകണമെന്ന് നിർദേശിച്ചു. ഒരാളുടെ പേരിൽ ലൈസൻസ് എടുത്ത ശേഷം മൂന്നിലധികം കടകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കട ഉടമകളോടും അടച്ചു പൂട്ടാനുള്ള നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കർശന നടപടികളിലേയ്‌ക്ക് കടക്കുന്നതിനാണ് പൊലീസ് തീരുമാനം.

കൂടാതെ നഗരത്തിലെ പത്തിലേറെ ലോഡ്‌ജുകളിലും പൊലീസ് പരിശോധന നടത്തി. ഗുണ്ടാ മാഫിയ കഞ്ചാവ് ബന്ധമുള്ള അക്രമി സംഘങ്ങൾ നഗരത്തിൽ എത്തിയാൽ ഉടൻ തന്നെ വിവരം പൊലീസിനു കൈമാറണം, സംശയാസ്‌പദമായ സാഹചര്യത്തിൽ എത്തുന്നവരെ നിരീക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളും പൊലീസ് നൽകിയിട്ടുണ്ട്.

നടപടി ശക്തമാക്കും

ഗുണ്ടാ മാഫിയ സംഘങ്ങൾക്കെതിരായ നടപടികൾ പൊലീസ് ശക്തമായി തുടരും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്ന വഴിയോരക്കച്ചവട മാഫിയ സംഘങ്ങൾക്കെതിരെയും ക‌ർശന നടപടിയെടുക്കും.

എം.ജെ അരുൺ

എസ്.എച്ച്.ഒ കോട്ടയം വെസ്റ്റ്