ചങ്ങനാശേരി: മകന്റെ കൈകളാൽ അച്ഛന് സംഭവിച്ച ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് പായിപ്പാട് ഗ്രാമം. പായിപ്പാട് കൊച്ചു പള്ളി വാഴപ്പറമ്പിൽ തോമസ് വർക്കിക്കാണ് (76) ദാരുണാന്ത്യം സംഭവിച്ചത്. മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായ മകൻ അനിയാണ് അച്ഛന്റെ കൊലപാതകിയായത്. സർക്കാരിൽ നിന്ന് ഓണത്തിനു ലഭിക്കുന്ന പെൻഷൻ തുകയിലെ മിച്ചം പൈസയിൽ നിന്നും കുടിക്കുന്നതിനായി വീണ്ടും പൈസ ചോദിക്കുകയും തോമസ് ഇത് നല്കാതെ ഇരുന്നതുമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോമസിനു സ്വപുത്രനിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമർദനങ്ങളാണ്. പണം ലഭിക്കാത്തതിന്റെ പ്രകോപനത്തിൽ അനി തോമസിന്റ തല ഭിത്തിയിൽ ഇടിപ്പിക്കുകയും തുടർന്ന് സമീപത്തു കിടന്നിരുന്ന കട്ടിലിലേക്ക് പിടിച്ചു തള്ളുകയും ചെയ്തു. കട്ടിലിലേക്ക് വീണ തോമസിന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും അതിനുശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തോമസിന്റെ രണ്ട് വാരിയെല്ലും കഴുത്തിലെ അസ്ഥിയും ഒടിഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തോമസിന്റെ ശരീരത്തിൽ 20 ൽ അധികം മുറിവുകളും കണ്ടെത്തിയിരുന്നു. ഇരട്ട ആൺമക്കളായ അനി, സിബി എന്നിവർക്കൊപ്പം ഒറ്റമുറി വീട്ടിലാണ് താമസം. തോമസിന്റെ ഭാര്യ ചിന്നമ്മ മകൾ ലിസിക്കൊപ്പം റാന്നിയിലാണ് താമസിക്കുന്നത്