കോട്ടയം: ആഹാ എന്തു ഭംഗി..! ഈരയിൽക്കടവ് ബൈപ്പാസിന്റെ വാലായ മണിപ്പുഴയിൽ നിന്നും റോഡിലേയ്‌ക്ക് കയറുന്ന ആരും പറഞ്ഞു പോകും. എന്നാൽ മുന്നോട്ട് പോകുംതോറും കഥയും മാറും! തകർന്ന് തവിടുപൊടിയായി കിടക്കുകയാണ് ഇവിടം... ചുരുക്കിപ്പറഞ്ഞാൽ ജനിക്കും മുൻപു തന്നെ വാട്ടർ അതോറിട്ടി ഈരയിൽക്കടവ് റോഡിന്റെ തല തല്ലിപ്പൊട്ടിച്ചു. രക്ഷിക്കാമെന്നേറ്റ പൊതുമരാമത്ത് വകുപ്പാകട്ടെ ഇപ്പം ശരിയാക്കിത്തരാമെന്നു പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല. മഴ മാറി മാനം തെളിയുമ്പോൾ റോഡിന്റെയും മാനം രക്ഷിക്കാമെന്ന നിലപാടായിരുന്നു ആദ്യം പൊതുമരാമത്ത് വകുപ്പ് എടുത്തിരുന്നത്. എന്നാൽ, പിന്നീട് മഴ കുറഞ്ഞിട്ടും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. മൂന്നര കിലോമീറ്റർ ദൂരത്തിൽ ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ മണിപ്പുഴ വരെയാണ് റോഡ് നിർമ്മിച്ചിരുന്നത്. ഇതിൽ ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ പാലം വരെയുള്ള 300 മീറ്റർ ദൂരമാണ് ഇനി ടാർ ചെയ്യാനുള്ളത്. ഈ സ്ഥലമാകട്ടെ ജല അതോറിട്ടി അധികൃതർ കുത്തിപ്പൊളിച്ച് കുളമാക്കി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈരയിൽക്കടവ് റോഡ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിഭാവനം ചെയ്‌തത്. കോട്ടയം വികസന ഇടനാഴി എന്ന പേരിൽ നിർമ്മിച്ച റോഡാണ് നഗരത്തിലെ ഏറ്റവും ഭംഗിയുള്ള റോഡുകളിൽ ഒന്ന്. ഇരുഭാഗത്തും പാടശേഖരത്തിന് നടുവിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്.
നിർമ്മാണം ഉടൻ
ഈരയിൽക്കടവിലെ അവശേഷിക്കുന്ന ഭാഗത്തിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മഴയൊന്ന് മാറി നിൽക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
എക്‌സിക്യുട്ടീവ് എൻജിനീയർ
പൊതുമരാമത്ത് വകുപ്പ്