കോട്ടയം: ഫുട്‌പ്പാത്തുകൾ വാടകയ്‌ക്ക് നൽകി ജീവിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് നഗരം ക്ലീനാക്കാനൊരുങ്ങി പൊലീസ്. ജീവനോപാധിയായി മാത്രം വഴിയോരക്കച്ചവടം നടത്തുന്നവർക്ക് അനുമതി നൽകിയാൽ മതിയെന്നാണ് പൊലീസ് നിലപാട്. യഥാർത്ഥ ഉടമകളല്ലാത്തവരും, വഴിയോരക്കടകൾ ജീവനക്കാരെ വച്ച് നടത്തുന്നവരും ഉടൻ ഒഴിഞ്ഞു പോകണമെന്ന അന്ത്യശാസനം നൽകി.

കഴിഞ്ഞ തിങ്കളാഴ്‌ച നഗരമദ്ധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടിയതോടെയാണ് വഴിയോരക്കച്ചവട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പ് സംബന്ധിച്ചുള്ള കൃത്യമായ സൂചന പൊലീസിനു ലഭിച്ചത്. തുടർന്ന് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്‌ഷൻ വരെയുള്ള സ്ഥങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്നു തട്ടുകടക്കാരെയാണ് ഒഴിപ്പിച്ചത്. ഈ പരിശോധനയിലാണ് പല തട്ടുകടകളും ഒരു ലൈസൻസിന്റെ മറവിൽ മൂന്നിടത്ത് വരെ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്.

 നടപടികൾ ഇങ്ങനെ...

 പ്രാഥമികമായി ലൈസൻസ് പരിശോധിക്കും  കടകളിൽ കച്ചവടത്തിന് ഒരാൾ മാത്രം മതി  ക്രിമിനൽ പശ്‌ച്ചാത്തലമുള്ളവർക്ക് കടകൾ അനുവദിക്കില്ല  ഒരു ലൈസൻസിയുടെ പേരിൽ ഒരു കട മാത്രം  വഴി കയ്യേറി കച്ചവടം നടത്തിയാൽ കർശന നടപടി  കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും  വഴിയോരക്കച്ചവടക്കാരെ നിരീക്ഷിക്കും

 പട്ടിക തയ്യാറാക്കാൻ പൊലീസ്

വഴിയോരക്കച്ചവടക്കാരുടെയും നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരുടെയും പട്ടിക തയ്യാറാക്കാനായി പൊലീസ് നഗരസഭയുടെ സഹായം തേടി. നേതൃത്വത്തിൽ നേരത്തെ ഇത്തരത്തിൽ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടിക പുതുക്കുന്ന ജോലികളാണ് ഇനി നടക്കുക. നിലവിലെ സാഹചര്യത്തിൽ കർശനമായ നടപടികൾ തന്നെയാണ് ലക്ഷ്യം.

 നഗരം കുറ്റകൃത്യവിമുക്തമാക്കും

നഗരത്തെ കുറ്റകൃത്യവിമുക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തും --

എം.ജെ അരുൺ

വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ