കോട്ടയം: പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ബിൽ നിർബന്ധമായി നൽകണമെന്ന് ഏജൻസികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ചില ഏജൻസികൾ ബിൽ നൽകുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണിത്. ബില്ല് നൽകാതിരുന്നാലും ബില്ലിൽ കാണിച്ചിരിക്കുന്ന തുകയിൽ കൂടുതൽ വാങ്ങിയാലും ലൈസൻസ് റദ്ദു ചെയ്യുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വണ്ടിക്കൂലിയില്ല

പാചകവാതക സിലിണ്ടറിന് ഉപഭോക്താക്കൾ ബില്ലിൽ രേഖപ്പെടുത്തിയ തുക മാത്രം നൽകിയാൽ മതി. ഏജൻസികൾ വിതരണ ചാർജ് അടക്കം ബില്ലിൽ രേഖപ്പെടുത്തണം. ഏജൻസിയുടെ 5 കിലോമീറ്റർ ചുറ്റളവിൽ വിതരണം സൗജന്യമാണ്. 5 മുതൽ 10 കിലോമീറ്റർ വരെ 30 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 35 രൂപയും 15 കിലോമീറ്ററിന് മുകളിൽ 45 രൂപയുമാണ് വിതരണ ചാർജ് നൽകേണ്ടത്. ഗോഡൗണിൽ നിന്നുള്ള ദൂരം കണക്കാക്കി ചാർജ് ഈടാക്കുന്നതിനെതിരെയും നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അളവിൽ സംശയം തോന്നിയാൽ പരിശോധിക്കാൻ വിതരണക്കാരൻ വാഹനത്തിൽ ത്രാസ് സൂക്ഷിക്കണമെന്നുമുണ്ട്.

പരിശോധന നിർബന്ധം

* 5 വർഷത്തിലൊരിക്കൽ പാചക വാതക സുരക്ഷാ പരിശോധന നടത്തണം.

* ജീവനക്കാർ വീടുകളിലെത്തി പരിശോധിക്കുന്നതിന് 238 രൂപയാണ് ചാർജ്

* സുരക്ഷാ പരിശോധന നടത്തിയവർക്കേ അപകടങ്ങളിൽ സഹായം ലഭിക്കൂ

* പാചകവാതക ചോർച്ചയുണ്ടായാൽ ഉടൻ ഏജൻസിയെ അറിയിക്കണം