binu

ചങ്ങനാശേരി : മനുഷ്യർക്കും മൃഗങ്ങൾക്കും മാത്രമല്ല, ഇതാ വൃക്ഷങ്ങൾക്കും ഒരു വൈദ്യൻ. പരിസ്ഥിതി പ്രവർത്തന രംഗത്ത് ഇരുപത്തിയഞ്ച് വർഷം പിന്നിട്ട കെ.ബിനുവാണ് ഈ വൃക്ഷവൈദ്യൻ. പ്രായാധിക്യം വന്നതും കേട് വന്നതും ഇടിവെട്ട് ഏറ്റതും, കൊമ്പുകൾ ചീഞ്ഞതുമായ വൃക്ഷങ്ങൾ ആയുർവേദ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് ഇദ്ദേഹം പറയുന്നു. പാടത്തെ ചെളിമണ്ണ്, എള്ള്, കദളിപ്പഴം, താമര സമൂലം, വൃക്ഷം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, നാടൻ പശുവിന്റെ ചാണകം, നെയ്യ്, പാൽ, കച്ചിപ്പൊടി, ചിതൽപ്പുറ്റ് എന്നിവ നിശ്ചിത അനുപാതത്തിൽ കുഴച്ചെടുത്ത് കേട് വന്ന ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച ശേഷം തുണിയിൽ പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് ചികിത്സാരീതി. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ കോവിൽ പ്ലാവ് , കറുകച്ചാൽ എൻ.എസ്.എസ്. പടിയിലെ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിനെത്തുടർന്ന് നശിച്ച മരം എന്നിവ ഇത്തരത്തിൽ പച്ചടിപ്പിച്ചെടുത്തിട്ടുണ്ട്. പുളി, പ്ലാവ്, വാകമരം, ആഞ്ഞിലി തുടങ്ങി ഇരുപതോളം മരങ്ങൾക്ക് ഇതിനോടകം ആയുർവേദ ചികിത്സ നടത്തി . കേരളത്തിൽ ആറ് പതിറ്റാണ്ട് മുമ്പ് വരെ ഉണ്ടായിരുന്ന വൃക്ഷായുർവ്വേദ ചികിത്സയാണ് വാഴൂർ ഉളളായം യു.പി.എസ്. അദ്ധ്യാപകൻകൂടിയായ ബിനു തിരികെ കൊണ്ടുവരുന്നത്.

സംസ്ഥാന സർക്കാരിന്റെ വനമിത്ര, പ്രകൃതി മിത്ര അവാർഡുകൾ ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ വനം-വന്യജീവി ബോർഡ് അംഗവുമാണ് . എൽദോ ജേക്കബ് സംവിധാനം ചെയ്ത 'വൃക്ഷവൈദ്യൻ ' എന്ന ഡോക്കുമെന്ററിയിൽ കേട് വന്ന പ്ലാവിനെ വൃക്ഷായൂർവ്വേദ ചികിത്സയിലൂടെ യൗവ്വനം വീണ്ടെടുത്തു നൽകുന്ന രീതി വിശദമായി ചിത്രീകരിച്ചിട്ടുണ്ട്.

ആദരിച്ചു

കോട്ടയം എം.ഡി.എച്ച്.എസ്.എസിൽ ചേർന്ന സമ്മേളനത്തിൽ ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് അസോസിയേഷൻ ബിനുവിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ജേക്കബ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റജി ഏബ്രഹാം ഉൽഘാടനം ചെയ്തു. ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് ജില്ലാ ട്രയിനിംഗ് കമ്മിഷണർ റോയി. പി. ജോർജ് പുരസ്‌കാരം വിതരണം ചെയ്തു. സാജൻ, ജോളി വർഗീസ്, ഹരിത കേരള മിഷൻ ജില്ലാ കോ ഒാർഡിനേറ്റർ രമേഷ് പി, സ്‌കൗട്ട് ആൻഡ് ഗൈഡ് ജില്ലാ കോ ഒാർഡിനേറ്റർമാരായ പി.ആർ.സുധീർ, ഐ.വി. കോര, ആൻസി മേരി ജോൺ എന്നിവർ പങ്കെടുത്തു.