അടിമാലി: ചാരായം വീട്ടിൽ സൂക്ഷിച്ചെന്ന സംശയത്തിന്റെ പേരിൽ പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് സംഘം അകാരണമായി മർദ്ദിച്ചെന്ന് മദ്ധ്യവയസ്കന്റെ പരാതി. മാങ്കുളം പാമ്പുംകയം പന്നിപ്പാറ സ്വദേശി കുന്നത്തേൽ ജോയിയാണ് (59)​ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ചാരായം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ പേരിൽ വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ പരിശോധനയ്ക്കെത്തിയ അഞ്ചംഗ എക്‌സൈസ് സംഘം തന്നെ അകാരണമായി മർദ്ദിച്ചെന്ന് ജോയി പറയുന്നു. ഉറക്കത്തിലായിരുന്ന തന്നെ വിളിച്ചുണർത്തിയ ശേഷം ചാരായം കാണിച്ച് കൊടുക്കാൻ ആവശ്യപ്പെട്ട് തലങ്ങും വിലങ്ങും മർദ്ദിച്ചതായും ചാരായം വാറ്റാറില്ലെന്ന് അറിയിച്ചിട്ടും മർദ്ദനം തുടർന്നതായും ജോയി പറഞ്ഞു. ഒരു മണിക്കൂറോളം പരിശോധന നടത്തിയ എക്‌സൈസ് സംഘം വെറും കൈയോടെ മടങ്ങിയതായും ജോയി അറിയിച്ചു. മർദ്ദനത്തിൽ കഴുത്തിലും പുറത്തും പരിക്കേറ്റ് അവശനിലയിലായ ജോയി അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തന്നെ അകാരണമായി മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.