കോട്ടയം: ഒരു മാസം പാലായെ ഇളക്കിമറിച്ച പ്രചാരണത്തിന് സമാപനമായി. 54 വർഷത്തിനു ശേഷം കെ.എം.മാണിയും രണ്ടില ചിഹ്നവുമില്ലാത്ത വോട്ടിംഗ് യന്ത്രത്തിൽ വിരലുകൾ അമർത്താൻ പാലാ നാളെ ബൂത്തിലേക്ക് നീങ്ങും .

ഇന്നലെ നിശബ്ദ പ്രചാരണമായിരുന്നെങ്കിലും സമാധിദിനാചരണത്തിൽ പങ്കെടുത്ത് വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളെല്ലാം എസ്.എൻ.ഡി.പി ശാഖകളും ശ്രീനാരായണ ക്ഷേത്രങ്ങളും കയറിയിറങ്ങി. ഉപവാസ പ്രാർത്ഥനയിലും അന്നദാനത്തിലും പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പാലാ നഗരസഭയിലും, രാമപുരത്തും സമീപ പഞ്ചായത്തുകളിലും എസ്.എൻ.ഡി.പി ശാഖകളിൽ അവസാന വട്ട ഓട്ടപ്രദക്ഷിണത്തിലായിരുന്നു . ആടി നിൽക്കുന്ന വോട്ടുറപ്പിക്കാൻ വീടുകളിൽ കയറിയിറങ്ങി പരമാവധിപ്പേരെ നേരിൽകാണാനാണ് ശ്രമിച്ചത്. നഗരത്തിലും സമീപ പ്രദേശങ്ങളിലെ ഗുരുദേവക്ഷേത്രങ്ങളിലും സ്ഥാനാർത്ഥി കയറിയിറങ്ങി. പുലർച്ചെ വിവിധ സ്ഥലങ്ങളിലെ വീടുകളിലും കുടുംബയോഗങ്ങളിലും, ആശുപത്രികളിലും സ്ഥാപനങ്ങളിലും പ്രചാരണം നടത്തി. ഉച്ചയോടെയാണ് വിവിധ ഗുരുദേവക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയത്. ഇടപ്പാടി എസ്.എൻ.ഡി.പി ശാഖയിൽ ഗുരു സമാധി സ്മരണാ ചsങ്ങുകളിലും പങ്കെടുത്തു. വൈകുന്നേരം രാമപുരത്ത് യു.ഡി.എഫ് നേതാക്കൾക്കൊപ്പം വ്യാപാര സ്ഥാപനങ്ങളിലും രാത്രി യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റിയിലും പങ്കെടുത്തു. ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവർ വിവിധ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിലും, എസ്.എൻ.ഡി.പി യോഗങ്ങളിലും സ്ഥാനാർത്ഥികൾക്കൊപ്പം എത്തിയിരുന്നു. ശ്രീനാരായണഗുരു സമാധികാരണം ഇടതുമുന്നണിയും ഇന്നലെ നിശബ്ദ പ്രചാരണത്തിലായിരുന്നു . സ്ഥാനാർത്ഥി മാണി സി. കാപ്പൻ രാവിലെ മരണ വീടുകളും തുടർന്ന് വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു. മന്ത്രി എം.എം. മണി, സി പി .എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , കെ .ജെ. തോമസ്, വി.എൻ. വാസവൻ എന്നിവരും ഒപ്പം കൂടി. ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ശ്രീ നാരായണഗുരു സമാധി ദിനാചരണ ചടങ്ങിലും കാപ്പൻ പങ്കെടുത്തു. യു.ഡി.എഫിനായി എൻ.ഡി.എ വോട്ട് മറിക്കുകയാണെന്നും ഒരു ബൂത്തിൽ 35 വോട്ടുകൾ വീതം മറിക്കാൻ ധാരണയായിട്ടുണ്ടെന്നുമുള്ള പ്രസ്താവനയും മാദ്ധ്യമങ്ങൾക്ക് നൽകി. എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയും സമാധി ദിനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലെ ചടങ്ങുകളിൽ സംബന്ധിച്ചു. കാപ്പന്റെ വോട്ടുമറിക്കൽ ആരോപണത്തിനെതിരെ ചുട്ട മറുടിയും നൽകി എൻ .ഡി .എ യുടെ പ്രകടനം കണ്ട് അന്ധാളിച്ച സി.പി.എം നേതൃത്വത്തിന്റെ മുൻകൂർ ജാമ്യമെടുക്കലാണ് കാപ്പന്റെ പ്രസ്താവന. മുൻ കാലങ്ങളിലെ സി.പി.എം, കേരളാ കോൺഗ്രസ് രഹസ്യ ബന്ധം ഇത്തവണയും ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല .കേരളാ കോൺഗ്രസിന് വോട്ടു മറിക്കുന്നതിനു വേണ്ടിയാണ് പാലയിൽ സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തതെന്നും എൻ .ഹരി ആരോപിച്ചു.