കോട്ടയം: ശ്രീനാരായണഗുരുദേവ മൂലമന്ത്രധ്വനികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാടെങ്ങും മഹാസമാധി ദിനം ആചരിച്ചു. ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക പൂജകൾ, ശാന്തിയാത്ര, പ്രഭാഷണം, വിശ്വശാന്തി സമ്മേളനം, സമാധിപ്രാർത്ഥന, പ്രസാദവിതരണം തുടങ്ങിയ ചടങ്ങുകൾ നടന്നു.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ജപയജ്ഞം യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി രജീഷ് മുഖ്യകാർമികത്വം വഹിച്ചു. ഉച്ചക്ക് 1ന് നടന്ന വിശ്വശാന്തി സമ്മേളനം കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. ശശി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ. രാജീവ് സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ.എ പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് മഹാസമാധി പൂജ, വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം സമൂഹസദ്യയും നടന്നു.

എസ്.എൻ.ഡി.പി യോഗം കോട്ടയം, ചങ്ങനാശേരി യൂണിയൻ പരിധിയിലെ മുഴുവൻ ശാഖകളിലും, ശിവഗിരി ശാഖാസ്ഥാപനമായ കുറിച്ചി അദ്വൈത വിദ്യാശ്രമം ഉൾപ്പെടെ മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണഗുരുദേവ മഹാസമാധിയുടെ 92 ാമത് വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ശാന്തിയാത്രയിലും ഉപവാസ യജ്ഞത്തിലും ആയിരക്കണക്കിന് ഗുരുദേവ ഭക്ത‌ർ പങ്കെടുത്തു. ചങ്ങനാശേരി യൂണിയനിൽ വിവിധ ശാഖകളിൽ നടക്കുന്ന ശാന്തിയാത്രയിലും സമ്മേളനങ്ങളിലും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, ഡയറക്ടർ ബോർഡംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.