jose
മാണി സാറില്ലാതെ... കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ പാലാ സെന്റ്. തോമസ് എച്ച്സ്.എസ്.എസിൽ ജോസ് കെ.മാണി ക്കൊപ്പം വോട്ട് ചെയ്യാ നെത്തുന്നു.നിഷാ ജോസ് തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര

പാലാ: മൂന്നാഴ്ചയോളം നീണ്ട വാശിയേറിയ പ്രചാരണ കോലാഹലങ്ങൾ കൊണ്ട് മുന്നണികൾ പാലായുടെ മണ്ണ് പരുവപ്പെടുത്തിയെടുത്തിട്ടും വോട്ടർമാർ മനമറിഞ്ഞ് പ്രതികരിച്ചില്ല. കെ.എം.മാണിയുടെ പിൻഗാമിയെ തീരുമാനിക്കുന്ന നിർണായക ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് 71.48 ശതമാനം. കഴിഞ്ഞ പാർലമെന്റ്,​ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അത്രയും പോളിംഗില്ലെങ്കിലും ഒരു പോലെ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.

രാവിലെ പോളിംഗ് ശതമാനം ഉയർന്നു കണ്ടെങ്കിലും പിന്നീട് മന്ദഗതിയിലായി. ഉച്ചയ്ക്ക് ശേഷം പിന്നെയും കൂടി. മഴ പെയ്തെങ്കിലും ആളുകൾ ബൂത്തുകളിലേയ്ക്ക് എത്താൻ തുടങ്ങി. ഉച്ചയ്ക്ക് 2.30ഓടെയാണ് അമ്പത് ശതമാനം കടന്നത്. നഗരപ്രദേശങ്ങളിൽ തരക്കേടില്ലാതെ വോട്ടെടുപ്പ് നടന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ തീരെ കുറഞ്ഞു. പതിവ് ഉപതിരഞ്ഞെടുപ്പുകളിലുള്ള വീറും വാശിയും പാലായിലുണ്ടായില്ല.

കേന്ദ്രസേനയടക്കം 700 സുരക്ഷാ ഉദ്യോഗസ്ഥരുടെ തണലിൽ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. മോക് പോളിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ആറ് ബൂത്തുകളിൽ വി.വി.വി പാറ്റ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. പുലിയന്നൂർ കലാനിലയം എൽ.പി.സ്കൂളിലെയും പെങ്ങുളം ചെറുകര സെന്റ് ആന്റണീസ് യു.പി സ്കൂളിലെ 99-ാം ബൂത്തിലെയും വോട്ടിംഗ് യന്ത്രങ്ങളും മാറ്റി സ്ഥാപിച്ചെങ്കിലും ഒരിടത്തും ആറ് മണിക്ക് ശേഷം പോളിംഗ് നടത്തേണ്ട സാഹചര്യമുണ്ടായില്ല. കേരളാ കോൺഗ്രസിലെ പടലപ്പിണക്കം രാവിലെ വീണ്ടും തലപൊക്കിയത് എൽ.ഡി.എഫ് ബി.ജെ.പി ക്യാമ്പുകൾക്ക് ആശ്വാസമേകി. ആകെ179107 വോട്ടർമാരിൽ 128037 പേരാണ് വോട്ടു ചെയ്ത്.

ഒന്നാമനായി കാപ്പൻ,

വോട്ടില്ലാതെ ഹരി

എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ കാനാട്ടുപാറ പോളിടെക്നികിലെ 119-ാം ബൂത്തിലെ ആദ്യ വോട്ടറായി. രാവിലെ 6.55 ഓടെ ഭാര്യ ആലീസിനൊപ്പമാണ് കാപ്പൻ എത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പൂവത്തോട് ഗവ.എൽ.പി സ്കൂളിലെ 145-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. പാലാ കത്തീഡ്രലിൽ കെ.എം.മാണിയുടെ കല്ലറയിൽ പ്രാർത്ഥിച്ചശേഷമാണ് ജോസ് ടോം ബൂത്തിലെത്തിയത്.

കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, ജോസ് കെ.മാണി എം.പി,​ നിഷ ജോസ് കെ.മാണി എന്നിവർ പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെത്തി രാവിലെ പത്തോടെ വോട്ട് ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പള്ളിക്കത്തോടുകാരനായതിനാൽ ജില്ലാ പ്രസിഡന്റ് കൂടിയായ ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിക്ക് വോട്ട് ചെയ്യാനായില്ല.

പോളിംഗ് ശതമാനം

മുൻ വർഷങ്ങളിൽ

നിയസഭ:

2006 – 70.55%
2011 – 73.34%
2016 – 77.25%
ലോക് സഭ:
2009 – 73.67%
2014 – 68.37%
2019 – 72.26%