പാലാ: കെ.എം.മാണിക്കു ശേഷം ആര് പാലായെ നയിക്കുമെന്ന ചോദ്യത്തിന് വോട്ടർമാർ ഇന്ന് ഉത്തരമെഴുതും. വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലെ വിധിയെയും സ്വാധിനിച്ചേക്കാമെന്നതിനാൽ മൂന്ന് മുന്നണികൾക്കും ജീവവായു കൂടിയാണ് പാലാ ഉപതിരഞ്ഞെടുപ്പ്. അരനൂറ്റാണ്ടിനിടെ നിയമസഭയിലേക്ക് കെ.എം. മാണിയുടെ പേരില്ലാത്ത 'ബാലറ്റ് പേപ്പർ' ആദ്യമായാണ് പാലായിലെ വോട്ടർമാർ കാണുക. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി രണ്ടില ചിഹ്നമില്ലാതെ യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
വിജയിക്കുക മാത്രമല്ല, വോട്ട് ശതമാനം വർദ്ധിപ്പിക്കുകയെന്ന വെല്ലുവിളിയും മൂന്ന് മുന്നണികൾക്കുമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് എൽ.ഡി.എഫിന്റെ അഭിമാനപ്രശ്നമാണ്. കേരള കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ ഒരു തരത്തിലും ബാധിക്കില്ലെന്ന് തെളിയിക്കാൻ യു.ഡി.എഫിനും വിജയിക്കണം. സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്ന ബി.ജെ.പിക്ക്
പാലായിൽ കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ ഒരു വോട്ടുപോലും കുറയുന്നത് തിരിച്ചടിയാണ്. പാലാ കാർമൽ പബ്ളിക് സ്കൂളിൽ നിന്ന് വോട്ടിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. വോട്ടെടുപ്പിന് ശേഷം കാർമൽ പബ്ളിക് സ്കൂളിലെ സ്ട്രോംഗ് റൂമിലേക്ക് യന്ത്രങ്ങൾ മാറ്റും. 27നാണ് വോട്ടെണ്ണൽ.
ആകെ വോട്ടർമാർ 1,79,107
87729 പുരുഷ വോട്ടർമാർ
91378 സ്ത്രീ വോട്ടർമാർ
176 ബൂത്തുകൾ
5 മോഡൽ പോളിംഗ് ബൂത്തുകളും
1 വനിത പോളിംഗ് ബൂത്തും
കേന്ദ്രസേനയടക്കം 700 സുരക്ഷാ ഉദ്യോഗസ്ഥർ
5 പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷ
വോട്ടുറപ്പിച്ച് സ്ഥാനാർത്ഥികൾ
" പാലായിലെ വോട്ടർമാർ മാണിസാറിനെ മറക്കില്ല. മാണി സാറിന്റെ അനുഗ്രഹം എന്നും കൂടെയുണ്ട്"
- ജോസ് ടോം, യു.ഡി.എഫ്
" പാലായിൽ ഇക്കുറി ഉറപ്പായും വിജയിക്കും. ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടം പാലായിൽ വിജയത്തിന് വഴിയൊരുക്കും
"- മാണി സി. കാപ്പൻ, എൽ.ഡി.എഫ്
'' മുന്നണികളെ മടുത്ത പാലാക്കാർ ബി.ജെ.പിക്കൊപ്പം നിൽക്കും. പ്രചാരണത്തിന്റെ അവസാന സമയം വരെ അത് പ്രകടമായി"
- എൻ. ഹരി, ബി.ജെ.പി