കോട്ടയം : റബ‌ർമേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ റബർബോർഡ് നടപ്പാക്കിയ 'തോട്ടം ദത്തെടുക്കൽ" പദ്ധതി വിജയത്തിലേക്ക്. നിലവിലുള്ള തോട്ടങ്ങളിൽ നിന്ന് ശാസ്ത്രീയമാർഗങ്ങൾ അവലംബിച്ച് ഉത്പാദനം പരമാവധി കൂട്ടിയാൽ കർഷകരുടെ വരുമാനം മെച്ചപ്പെടുത്താമെന്നായിരുന്നു ബോർഡിന്റെ വിലയിരുത്തൽ. പ്രായോഗിക പരീക്ഷണത്തിലൂടെ അത് തെളിയിക്കാനും സാധിച്ചു. ഇതിന്റെ ആദ്യപടിയായാണ് വിളവെടുപ്പ് മുടങ്ങിയ തോട്ടങ്ങൾ ദത്തെടുത്ത് ഉത്പാദനം വർദ്ധിപ്പിച്ചത്. ഇതിനോടകം നാലായിരം ഏക്കർ തോട്ടങ്ങൾ ദത്തെടുത്തു. ചെലവ് ചുരുക്കാനും ടാപ്പർ ക്ഷാമം പരിഹരിക്കാനുമായി ആഴ്ചയിലൊരിക്കൽ ടാപ്പിംഗ്, നിയന്ത്രിത കമിഴ്ത്തിവെട്ട് എന്നിവയും പ്രചരിപ്പിക്കുന്നുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ ഉത്പാദക സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ടാപ്പർ ബാങ്കുകൾ ഉണ്ടാക്കി തൊഴിലാളികളെ ലഭ്യമാക്കാനും പദ്ധതിയുണ്ട്. റബർനടീൽ, പരിപാലനം, കളയെടുപ്പ്, വളപ്രയോഗം, ടാപ്പിംഗ് തുടങ്ങി എല്ലാ ജോലികളും സംഘങ്ങളോ കമ്പനികളോ ഏറ്റെടുക്കും. താത്പര്യമുള്ള ചെറുകിട ഇടത്തരം കർഷകർക്കും ബോർഡുമായി സഹകരിക്കാവുന്നതാണ്.

'ദത്തെടുക്കൽ പദ്ധതിയിലൂടെ ഈ വർഷത്തെ ഉത്പാദനം 7.5 ലക്ഷം ടണ്ണാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷത്തിൽ നിന്നു വ്യത്യസ്തമായി മഴക്കാല ടാപ്പിംഗിനായി കൂടുതൽ തോട്ടങ്ങളിൽ റെയിൻഗാർഡിംഗ് നടത്താനായതും ഉത്പാദന വർദ്ധനവിന് കാരണമായി'

- അസി. ഡയറക്ടർ (പബ്ലിസിറ്റി) റബർ ബോർഡ്, കോട്ടയം

ഉത്പാദന- ഉപഭോഗ- ഇറക്കുമതി വിവരങ്ങളുടെ താരതമ്യം

 2008- 2009

റബർ കൃഷി വിസ്തീർണം 661980 ഹെക്ടർ

ടാപ്പ് ചെയ്യുന്ന തോട്ടം 463130 ,,

വാർഷിക ഉത്പാദനം 864500 ടൺ

ഉപഭോഗം 871720 ടൺ

ഇറക്കുമതി 77762 ടൺ

കയറ്റുമതി 46926 ടൺ

ശരാശരിവില ( ക്വിന്റലിന്) ₹ 10112

2018- 2019

റബർ കൃഷി വിസ്തീർണം 822000 ഹെക്ടർ

ടാപ്പ് ചെയ്യുന്ന തോട്ടം 640000 ,,

വാർഷിക ഉത്പാദനം 651000 ടൺ

ഉപഭോഗം 1211490 ടൺ

ഇറക്കുമതി 582351 ടൺ

കയറ്റുമതി 4551 ടൺ

ശരാശരിവില ( ക്വിന്റലിന്) ₹ 12595