pala

കോട്ടയം: കെ.എം.മാണി സഹതാപവും ശബരിമലയും റബറും പാലാരിവട്ടം പാലവും കടന്ന് കിഫ്ബിയിൽ എത്തിയ പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത് വോട്ട് മറിക്കൽ ആരോപണത്തിൽ .

ഒരു ബൂത്തിൽ 35 എൻ.ഡി.എ വോട്ട് യു.ഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചുകൊടുക്കാൻ ധാരണയായെന്ന ബോംബ് കലാശകൊട്ടും കഴിഞ്ഞ് ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പനാണ് പൊട്ടിച്ചത്. ഇടതു മുന്നണി മുൻകൂർ തോൽവി സമ്മതിച്ചതാണ് ആരോപണത്തിന് പിന്നിലെന്ന് യു.ഡി.എഫ്, എൻ.ഡി.എ നേതാക്കൾ ഒരു പോലെ പ്രകോപിതരായി ആഞ്ഞടിച്ചതിന് പിറകേ ആരോപണം കാപ്പൻ പിൻവലിച്ചു. പത്രവാർത്തയെ തുടർന്ന് ദേശീയ നേതൃത്വം ഇടപെട്ടതിനാൽ ബി.ജെ.പി വോട്ട് മറിക്കൽ നീക്കത്തിൽ നിന്ന് പിൻമാറിയെന്നാണ് കാപ്പൻ പറയുന്നത്. അതേസമയം കാപ്പനാണ് കച്ചവടക്കാരനെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം തിരിച്ചടിച്ചു.

54 വർഷമായി കെ.എം .മാണിയെ മാത്രം വിജയിപ്പിച്ച പാലായിൽ വോട്ടർമാരുടെ മനസിൽ പതിഞ്ഞ രണ്ടില ചിഹ്നം നഷ്ടപ്പെട്ടതോടെ മാണിയുടെ പിൻഗാമിയായി മാണി കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാൾ തിരഞ്ഞെടുക്കപ്പെടുമോ അതോ ഇടതുപക്ഷം അട്ടിമറിയിലൂടെ പാലാ സീറ്റ് പിടിച്ചെടുക്കുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നത്.

മുഖ്യമന്ത്രി അടക്കം ഒരു ഡസനിലേറെ മന്ത്രിമാരെ ഇറക്കി ഭൂരിപക്ഷം വോട്ടർമാരെ നേരിട്ടു കണ്ടുള്ള പ്രചാരണമാണ് ഇടതുമുന്നണി നടത്തിയത്. എന്നിട്ടും മാണി സി. കാപ്പൻ ജയിക്കുന്നില്ലെങ്കിൽ ആയുസിൽ ജയിക്കില്ലെന്നാണ് നിഷ്‌പക്ഷമതികളുടെ വിലയിരുത്തൽ.

രണ്ടില ചിഹ്നം നഷ്ടമായെങ്കിലും പകരം പാലാക്കാർക്ക് പരിചയമുള്ള കൈതച്ചക്ക ചിഹ്നം കിട്ടി. മാണി സഹതാപ തരംഗവും കേരളകോൺഗ്രസ് നേതാക്കളേക്കാൾ ആത്മാർത്ഥതയോടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനവും വോട്ടാക്കി മാണിയുടെ പിൻഗാമിയാകാൻ കഴിയുന്നില്ലെങ്കിൽ ജോസ് ടോമിന്റെ കാര്യം കഷ്ടമെന്നാണ് വിലയിരുത്തൽ. പ്രചാരണാവസാനം വരെ ശബരിമല വിഷയം ചൂടാക്കിയും മോദി സർക്കാരിന്റെ ഭരണ നേട്ടവും 52 ശതമാനമുള്ള ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയും പ്രയോജനപ്പെടുത്തി നില മെച്ചപ്പെടുത്താനെങ്കിലും ബി.ജെ.പി ജില്ലാ പ്രസിഡന്റായ എൻ.ഹരിക്ക് കഴിയുന്നില്ലെങ്കിൽ എൻ.ഡി.എ ഇനി എന്ന് ക്ലച്ചു പിടിക്കാനാണെന്ന് പറയേണ്ടി വരും.

അനുകൂല ഘടകങ്ങൾ

മാണി സി. കാപ്പൻ

മൂന്നു തവണ തോറ്റു. നാലാം തവണ മത്സരിക്കുമ്പോഴുള്ള സഹതാപം .

കുടുംബയോഗങ്ങളും സ്‌ക്വാഡ് വർക്കും. മന്ത്രിമാരടക്കം വീടു കയറിയുള്ള ഇടതു പ്രചാരണം.

കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നിഷ്ക്രിയത്വം

വോട്ടിംഗ് യന്ത്രത്തിൽ ആദ്യ പേര്.

 രണ്ടില ചിഹ്നമില്ലാതെ യു.ഡി.എഫ് സ്ഥാനാർത്ഥി സ്വതന്ത്രന്മാരുടെ കൂട്ടത്തിൽ ഏഴാമത്

ജോസ് ടോം

മാണി സഹതാപ തരംഗം ,

ഇടതു ഭരണവിരുദ്ധ വികാരം ,

എൻ.സി.പിയിലെ തമ്മിലടി

മാണിയോട് കാട്ടാത്ത ആത്മാർത്ഥതയോടെ കോൺഗ്രസ്‌കാരുടെ പ്രവർത്തനം

എൻ.ഹരി

പ്രചാരണത്തിലെ മികവ്

ശബരിമല വികാരം

സ്ത്രീ വോട്ടർമാരുടെ പിന്തുണ

മോദി ഫാക്ടർ