പാലാ : നിശബ്ദ പ്രചാരണ ദിവസവും വിശ്രമമില്ലാതെ ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥികൾ. രാവിലെ ആറോടെ വീട്ടിൽ നിന്നു പുറപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പൻ ആദ്യം മരണ വീടുകൾ സന്ദർശിച്ചു അനുശോചനമറിയിച്ചു. തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിലെത്തി വോട്ടു തേടി. പിന്നീട് പടിഞ്ഞാറ്റിൻകരയിൽ വിളക്കിത്തലനായർ സമുദായം സംഘടിപ്പിച്ച യോഗത്തിലേക്ക്. വലവൂരിൽ പഴയ വോളിബാൾതാരം കെ.കെ ജോസഫിനെ സന്ദർശിച്ചു. ഭരണങ്ങാനത്തും തെക്കേക്കരയിലും റസിഡൻഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ പങ്കെടുത്തു. മീനച്ചിൽ, എലിക്കുളം, കരൂർ, പാലാ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ പരിപാടികളിലും പങ്കെടുത്തു. ഏറ്റവും പ്രായം കൂടിയ വോട്ടറായ മൂലയിൽ തോട്ടത്തിൽ ഔസേപ്പച്ചന്റെ അനുഗ്രഹം തേടിയും കാപ്പൻ എത്തി.

മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്തെ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം. തുറന്ന വാഹനത്തിലെ മണ്ഡലപര്യടനത്തിനിടയിൽ ഇവിടെ എത്താൻ സ്ഥാനാർത്ഥിയ്ക്ക് സാധിച്ചിരുന്നില്ല. രാവിലെ ഭരണങ്ങാനം പള്ളിയിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥി നിശബ്ദ പ്രചാരണത്തിനായി ഇറങ്ങിയത്. മുത്തോലി പഞ്ചായത്തിൽ ഉച്ചയ്ക്ക് എത്തിയ സ്ഥാനാർത്ഥി ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ വ്യക്തികളെയും, സംഘടനാ നേതാക്കളെയും നേരിൽക്കണ്ടു.

രാവിലെ മുതൽ പാലാ നഗരത്തിലും 12 പഞ്ചായത്തുകളിലും യാത്ര ചെയ്ത എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി ,ഗൃഹപ്രവേശന ചടങ്ങുകളിലും നവതിയാഘോഷത്തിലും ചില മരണ വീടുകളും സന്ദർശിച്ചു. ശബരിമല മറച്ചു വച്ച് പ്രചാരണത്തിനിറങ്ങിയ ഇടതു വലതു മുന്നണികളെ വിശ്വാസി സമൂഹം മറന്നിട്ടില്ലെന്നും അവർ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.