തലയോലപ്പറമ്പ്: ലക്ഷങ്ങൾ മുടക്കി വാങ്ങിയ മുളക്കുളം ഗ്രാമപഞ്ചായത്തിലെ കൊയ്ത്ത് മെതിയന്ത്രം അറ്റകുറ്റപണികൾ നടത്താത്തതിനെ തുടർന്ന് മാസങ്ങളായി കട്ടപ്പുറത്ത്. കഴിഞ്ഞ വിളവെടുപ്പിന് യന്ത്രം ആവശ്യപ്പെട്ട് കൃഷി ഓഫീസിലും, പഞ്ചായത്തിലും സമീപിച്ചെങ്കിലും കേടുപാട് തീർത്ത് യന്ത്രം കൊയ്ത്തിനിറക്കാൻ അധികൃതർ തയ്യാറായില്ലെന്ന് കർഷകർ പറയുന്നു. സ്വകാര്യ യന്ത്രം ഉപയോഗിച്ചും, ഇതര സംസ്ഥാനക്കാരെ കൊണ്ടുമാണ് നെല്ല് കൊയ്യിച്ചത്. ഇതുമൂലം വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായും കർഷകർ പറയുന്നു. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിൽ ജനുവരി മാസത്തോടെ കൊയ്ത്തിന് യന്ത്രം ആവശ്യമായിരിക്കെ യന്ത്രത്തിന്റെ കേടുപാടുകൾ തീർക്കാൻ അധികൃതർ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. കൊയ്ത്ത് യന്ത്രം ഇല്ലാത്തതുമൂലം കർഷകർ ഏക്കറിന് പതിനയ്യായിരത്തോളം രൂപ നൽകിയാണ് ഇതര സംസ്ഥാന തൊഴിലാളികളെ നിറുത്തി കൊയ്ത് മെതിച്ചത്. രണ്ട് വർഷം മുൻപാണ് കൊയ്ത്ത് മെതിയന്ത്രം വാങ്ങിയതെന്നും കഴിഞ്ഞ വർഷത്തെ വിളവെടുപ്പിനും കർഷകർക്ക് യന്ത്രം നൽകിയിരുന്നെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. കൊയ്ത്ത് യന്ത്രം നന്നാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.