vineesh

ഉദയനാപുരം: ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്താൽ മത്സ്യകൃഷിയിൽ നേട്ടം കൊയ്യുന്ന യുവകർഷൻ ഉയനാപുരം നേരേകടവ് പുത്തൻതറ ഫിഷ്ഫാം ഉടമ വിനീഷ് വിദ്യാധരന് കോട്ടയം ജില്ലയിലെ മികച്ച ഓരു ജല മത്സ്യകർഷകനുള്ള ഈ വർഷത്തെ ഫിഷറീസ് വകുപ്പിന്റെ പുരസ്‌കാരം. 2015ൽ സംസ്ഥാനത്തെ മികച്ച കരിമീൻ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം വിനീഷിന്റെ പിതാവ് വിദ്യാധരനായിരുന്നു ലഭിച്ചത്. വീടിനോടു ചേർന്നുള്ള മൂന്നേക്കറോളം വരുന്ന കുളത്തിലാണ് വിനീഷ് കൃഷി ആരംഭിച്ചത്. വീട്ടിന്റെ മുൻവശത്ത് നാലു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് കരിമീൻ നഴ്‌സറി നടത്തുന്നത്.ഇവിടെ കരിമീൻ കുഞ്ഞുങ്ങളെ വളർത്തി ആവശ്യക്കാർക്കു നൽകും.സർക്കാരിന്റെ ഫിഷ് ഫാമുകളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ ഫാമുകളിലും വളർത്തുന്നതിന് കരിമീൻ കുഞ്ഞുങ്ങളെ നൽകുന്നത് പുത്തൻതറ കരിമീൻ ഹാച്ചറിയിൽ നിന്നാണ്. ഇവിടത്തെ കുളങ്ങളുടെ ഓരത്ത് തടം തീർത്ത് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിക്കാൻ കരിമീനുകൾ ഒരുങ്ങിക്കഴിഞ്ഞു. കരിമീൻ കൃഷിയിലെ വിദ്യാധരന്റെയും മകൻ വിനീഷിന്റേയും വിജയം മുൻനിർത്തിയാണ് ഫിഷറീസ് ഗിഫ്റ്റ് തിലോപ്പിയ വളർത്തുന്നതിന് ഇവർക്ക് സഹായം നൽകിയത്. കരിമീനും ഗിഫ്റ്റ് തിലോപ്പിയയ്ക്കു പുറമെ ഞണ്ട്, കാരചെമ്മീൻ എന്നിവയുടെ കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവകർഷകൻ.ഫിഷറീസ് കോട്ടയം ജില്ല ഡെപ്യൂട്ടി ഡയറക്ടർ ജയന്ത്രീയുടെ നേതൃത്വത്തിൽ ഫിഷറീസ് അധികൃതരും ഉദയനാപുരം പഞ്ചായത്ത് അധികൃതരും കൃഷിയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നും വിദ്യാധരനും വിനീഷും പറയുന്നു.