കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആനക്കൊട്ടിലിനു സമീപം വൻ തോതിൽ മാലിന്യങ്ങൾ കുന്നു കൂടി. പനമ്പട്ടയുടെയും മറ്റും അവശിഷ്ടങ്ങളും ആന പിണ്ഡം അടക്കമുള്ള മാലിന്യങ്ങളുമാണ് കൂടിക്കിടക്കുന്നത്. നഗരസഭാ ജീവനക്കാരായിരുന്നു ഇവിടെ നിന്നുള്ള മാലിന്യങ്ങൾ നേരത്തേ നീക്കം ചെയ്തിരുന്നത്. വടവാതൂർ മാലിന്യ സംസ്കരണ കേന്ദ്രം അടച്ചതോടെ നഗരത്തിൽ മാലിന്യസംസ്കരണത്തിന് സ്ഥലം ഇല്ലാതെ വന്നതാണ് തിരുനക്കരയിലെ മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത്.

ആറു മാസത്തിനു മുകളിലുള്ള മാലിന്യങ്ങൾ ക്ഷേത്ര വളപ്പിനുള്ളിൽ പടിഞ്ഞാറേ ഗോപുരത്തിന് സമീപം കൂടിക്കിടക്കുന്നുണ്ട്. മഴയത്ത് ഇവ അഴുകി ദുർഗന്ധം പരത്തുന്നു. സമീപത്ത് ക്ഷേത്രം വക മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുണ്ടെങ്കിലും കൃത്യമായി ഉപയോഗിക്കാത്തതിനാൽ അത് തുരുമ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിൽ കടുത്ത അമർഷത്തിലാണ് ഭക്തർ. പലരും ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

 മാലിന്യം ഉടൻ നീക്കം ചെയ്യും -ബി.ഗോപകുമാർ .

തിരുനക്കര ക്ഷേത്ര വളപ്പിൽ കൂടി കിടക്കുന്ന മാലിന്യം അടിയന്തിരമായി നീക്കം ചെയ്യുമെന്ന് ക്ഷേത്രോപദേശസമിതി പ്രസിഡന്റ് ബി.ഗോപകുമാർ അറിയിച്ചു. ഇതിന് കരാർ നൽകി . രണ്ട് മൂന്നു ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.