കോട്ടയം: വോട്ടെടുപ്പിനിടയിൽ ജോസ് വിഭാഗത്തിനെതിരെ ജോസഫ് വിഭാഗം നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തിയത് പാലായിൽ 'പാലം വലി' നടന്നെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. കെ.എം മാണി തന്ത്രങ്ങളുടെ ആശാനെങ്കിൽ ജോസ് കെ മാണി കുതന്ത്രങ്ങളുടെയും കുടിലബുദ്ധിയുടെയും ആശാനെന്നായിരുന്നു ജോസഫ് വിഭാഗം ജനറൽ സെക്രട്ടറി ജോയി എബ്രഹാം വോട്ടു ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
'ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നില്ല.യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുമോ എന്നു പറയാനാകില്ല. എല്ലാം ജനങ്ങൾ കാണുന്നുണ്ട്, അവർ തീരുമാനിക്കുമെന്നായിരുന്ന ജോയി എബ്രഹാമിന്റെ വിവാദ പ്രതികരണം. രണ്ടില ചിഹ്നം ഇല്ലാത്തതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം കുറവായിരിക്കുമെന്നു പറഞ്ഞ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കൂടി മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടതോടെ യു.ഡി.എഫ് ക്യാമ്പിൽ അസ്ഥസ്ഥത പടർന്നു.
കൂക്കിവിളിയുടെ പേരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്ന പി.ജെ.ജോസഫ് പരസ്യപ്രചാരണം തീരുന്നതിന് രണ്ടുദിവസം മുമ്പ് ഏ.കെ.ആന്റണി പങ്കെടുത്ത കൺവെൻഷനിൽ മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ തുടർച്ചയായിരുന്നു ഇന്നലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ ജോസഫ് വിഭാഗം നേതാക്കളുടെ കളി. ജോയി എബ്രഹാമിന്റെ പരസ്യ പ്രതികരണത്തോടുള്ള എതിർപ്പ് ജോസ് കെ മാണി യു.ഡി.എഫ് നേതാക്കളെ അറിയിക്കുകയും, നേതാക്കൾ പി.ജെ.ജോസഫിനെ വിളിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തു.
ജോസഫ് വിഭാഗം വോട്ട് മറിക്കുമോ എന്ന സംശയം ബലപ്പെടുന്നതിനിടയിൽ ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചത് ഇങ്ങനെ ''കേരള കോൺഗ്രസിലെ വോട്ടുമറിക്കൽ ഞങ്ങൾക്ക് ബോണസാണ്. ഇതുവരെ യു.ഡി.എഫിന് അനുകൂലമായിരുന്ന ഒരു വിഭാഗം വോട്ട് ഇത്തവണ എൽ.ഡി.എഫിനു മറിയും.''
പ്രചാരണം തുടങ്ങുന്നതിന് മുമ്പുതന്നെ കേരള കോൺഗ്രസിൽ തുടങ്ങിയ തമ്മിലടിയിൽ യു.ഡിഎഫ് ഇടപെട്ട് വെടിനിറുത്തൽ പ്രഖ്യാപിച്ചെങ്കിലും, അത് അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇന്നലത്തെ വാക്പോര്. വോട്ടെടുപ്പായതിനാൽ ഇന്നലെ ജോസ് വിഭാഗം നിശബ്ദത പാലിച്ചെങ്കിലും വരും ദിവസങ്ങളിൽ ഇത് പാർട്ടിക്കകത്ത് പൊട്ടിത്തെറികൾക്ക് വഴിവച്ചേക്കും.