കോട്ടയം: എന്തൊരു ദുർഗന്ധം! മൂക്കുപൊത്താൻ രണ്ട് കൈ തന്നെ മതിയാവില്ല. മനംപുരട്ടൽ കാരണം പലരും ജീവനുംകൊണ്ട് ഓട രക്ഷപ്പെടുന്നു. കോട്ടയം നഗരത്തിലെ റോഡുകൾക്ക് മാലിന്യം പുതുമയല്ലെങ്കിലും ഇന്നലത്തെ കാഴ്ച അതിദയനീയമായിരുന്നു. ടി.ബി റോഡിൽ നിന്ന് മാർക്കറ്റിലേയ്ക്കുള്ള ഇടറോഡിൽ കുന്നോളം കോഴിമാലിന്യം തള്ളിയതാണ് യാത്രക്കാരുടെ പരക്കംപാച്ചിലിന് കാരണം. റോഡ് മുഴുവനും കോഴിഅവശിഷ്ടം പരന്നതോടെ പ്രദേശമാകെ ദുർഗന്ധമായി. വാഹനയാത്രികർ പോലും ഈ വഴിയിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ.
കഴിഞ്ഞദിവസം രാത്രിയോടെയാണ് ഇടറോഡിൽ സാമൂഹ്യവിരുദ്ധർ ചാക്കിൽകെട്ടി മാലിന്യം തള്ളിയത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും അതിലേറെ കാൽനടയാത്രക്കാരും കടന്നുപോകുന്ന റോഡിൽ മാലിന്യം തള്ളുന്നത് പതിവാണ്. സാമൂഹ്യവിരുദ്ധർ മലമൂത്രവിസർജം നടത്തുന്നത് പോലും നടുറോഡിലാണ്. മഴക്കാലത്ത് മാലിന്യം റോഡിൽ ഒഴുകിപ്പരക്കുന്നതോടെ കാൽനടയാത്രക്കാരുടെ ദുരിതം ഇരട്ടിക്കും. മാലിന്യം തള്ളുന്നതിനെതിരെ മുമ്പ് പലതവണ പരാതി ഉയർന്നിരുന്നു. എന്നാൽ പ്രശ്നത്തിൽ ഇടപെടാൻ നഗരസഭ ഇതുവരെ തയാറായിട്ടില്ല. അതേസമയം, കോഴി മാലിന്യം ഉൾപ്പെടെ തള്ളുന്നത് പതിവായതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. മാലിന്യം തിന്നാനെത്തുന്ന എത്തുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രികർക്കും നേരെ തിരിയുന്നതും പതിവ് കാഴ്ചയാണ്.
മദ്യപൻമാരുടെ താവളം
മാലിന്യം കാരണമുള്ള ദുരിതം ഒരുവശത്ത്, മദ്യപന്മാരുടെ ശല്യം മറുവശത്ത്. ടി.ബി റോഡിൽ നിന്ന് മാർക്കിലേക്കുള്ള റോഡിൽ മദ്യപൻമാർ തമ്പടിക്കുന്നതും പതിവ് കാഴ്ചയാണ്. സന്ധ്യമയങ്ങിയാൽ ഇതുവഴിയുള്ള യാത്രകൾ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഒഴിവാക്കുകയാണ് പതിവ്.
ഓടവൃത്തിയാക്കി തടിയൂരി
മാലിന്യം പ്രശ്നം തുടരുമ്പോൾ നഗരസഭയ്ക്കെതിരെ പരാതി കനക്കുകയാണ്. മുമ്പ് റോഡിലെ ഓടനിറഞ്ഞ നിലയിലായിരുന്നു. പരാതി ശക്തമായതോടെ നഗരസഭ ഇത് വൃത്തിയാക്കി തടിയൂരുകയായിരുന്നു.