ചങ്ങനാശേരി: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നതെന്ന് രോഗികളുടെ പരാതി. ആശുപത്രി വികസനയോഗത്തിലെ തീരുമാനപ്രകാരം തിരക്ക് വർദ്ധിച്ചപ്പോൾ ഒരു ഡോക്ടറുടെ സേവനം കൂടി ഏർപ്പെടുത്തിയിരുന്നെങ്കിലും ഒരാഴ്ച മാത്രമാണ് അതുണ്ടായിരുന്നതെന്ന് രോഗികൾ പറയുന്നു. രോഗികളുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ആശുപത്രിയിലെ തിരക്കും വർദ്ധിക്കുകയാണ്. രോഗികൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായി വരുന്നു. മാടപ്പള്ളി, കുറിച്ചി, കാവാലം, തുരുത്തി, ളായിക്കാട്, വാലടി, വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെയുള്ള രോഗികൾ ആദ്യം ആശ്രയിക്കുന്നത് ചങ്ങനാശേരി ജനറൽ ആശുപത്രിയെയാണ്. പകൽ സമയത്ത് ജനറൽ ഒ.പിയിൽ ആവശ്യത്തിനു ഡോക്ടർമാരുടെ സേവനം ഉണ്ടെങ്കിലും ഇതിനു ശേഷം എത്തുന്ന രോഗികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ നിര പ്രധാന വാതിൽ കടന്ന് പുറത്തേയ്ക്ക് നീളുന്ന സ്ഥിതിയാണ് എല്ലായ്‌പ്പോഴും.