പാലാ: ക്ളാസില്ലായിരുന്നെങ്കിലും ഇന്നലെ പാലാ അൽഫോൺസാ കോളേജിൽ എസ്.സാന്ദ്ര പോയി. ബുക്കുകളെടുത്ത് ബെഞ്ചിലിരിക്കുന്നതിന് പകരം തിരിച്ചറിയൽ കാർഡ് കാട്ടി ചൂണ്ടുവിരൽ നീട്ടി ആദ്യമായി മഷി പതിപ്പിച്ചു.. പിന്നെ മനസിൽക്കണ്ട സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെ വിരലമർത്തി. ആദ്യമായി സമ്മതിദാനാവാകാശം വിനിയോഗിച്ചതിന്റെ അഭിമാനം മുഖത്ത്. പഠിക്കുന്ന കോളേജിൽ കന്നിവോട്ട് ചെയ്തതിന്റെ സന്തോഷം മനസിൽ.
മാതൃകാ പോളിംഗ് ബൂത്തുകൂടിയായ പാലാ അൽഫോൺസാ കോളേജിലെ ബി.കോം ഒന്നാം വർഷ വിദ്യാർത്ഥിയായ സാന്ദ്രയ്ക്ക് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം ജസ്റ്റ് മിസായതാണ്. പ്രായപൂർത്തിയായെങ്കിലും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല. അപ്പോഴേ വിചാരിച്ചതാണ് ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന്. അരുണാപുരം വെട്ടിക്കാട്ട് വീട്ടിൽ നിന്ന് അച്ഛൻ സുരേഷിനും അമ്മ രാജിക്കും അമ്മൂമ്മ ലക്ഷ്മിയമ്മയ്ക്കുമൊപ്പമാണ് സാന്ദ്ര വോട്ടുചെയ്യാനെത്തിയത്. എൺപത് വയസായ ലക്ഷ്മിയമ്മ ഇതുവരെ വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കിയിട്ടില്ല.