mankulam-p-h-centre

അടിമാലി: മാങ്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികത്സക്ക് നടപടി വേണമെന്നാവശ്യം.പതിനഞ്ചോളം ആദിവാസി ഊരുകളുള്ള ഇവിടെ പതിനായിരത്തിലധികം ആളുകൾ ആശ്രയിക്കുന്നത് പ്രാഥമിക ആരോഗ്യകേന്ദ്രത്തെയാണ്.മെച്ചപ്പെട്ട ചികത്സ ലഭിക്കണമെങ്കിൽ 40 കിലോമീറ്ററോളം ദൂരെയുള്ള അടിമാലിയിലോ 100 കിലോമീറ്ററിലധികം ദൂരത്തുള്ള കോതമംഗലത്തോ എത്തണം.

2000ത്തിൽ മാങ്കുളത്താരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കിടത്തി ചികത്സ ആരംഭിച്ചാൽ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.നിലവിൽ മാങ്കുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കുകളെയാണ് ആളുകൾ താൽക്കാലിക ആശ്വാസമായി ആശ്രയിച്ചു വരുന്നത്.പി എച്ച് സിയിൽ കിടത്തി ചികത്സയെന്ന മാങ്കുളംകാരുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയെങ്കിലും മുഖവിലക്കെടുക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.ഒരു ഡോക്ടറും ഫീൽഡ് സ്റ്റാഫും ഉൾപ്പെടെ ഇരുപതോളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇപ്പോഴുള്ളത്.കിടത്തി ചികത്സിക്കാനുള്ള മുറികൾ ഉണ്ടെങ്കിലും കിടക്കയും ബെഡ്ഡും ശുദ്ധജലവും ലഭ്യമാക്കണം.ആഴ്ച്ചയിൽ ഒരിക്കൽ മാത്രമാണ് ഇപ്പോൾ ലാബ് പ്രവർത്തിക്കുന്നത്.ഒരു വർഷം മുമ്പ് പിഎച്ച്‌സിയുടെ വികസനത്തിന് ഫണ്ടനുവദിച്ച തരത്തിലുള്ള പ്രചാരണങ്ങൾ നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല.ആശുപത്രി വികസനത്തിന് എല്ലാ സാദ്ധ്യതയും ഉണ്ടെന്നിരിക്കെ തുടർ നടപടി കൈകൊള്ളണമെന്നാണ് ആവശ്യമുയരുന്നത്.