കടുത്തുരുത്തി: കാരിക്കോട് എം.വി.ഐ. പി കനാൽ നിർമ്മാണം പാതിവഴിയിൽ മുടങ്ങിയതോടെ ഇതിനായി എടുത്ത ഗർത്തം നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്നു. 14 വർഷം മുമ്പാണ് മരങ്ങോലി വഴി കടന്നു പോകുന്ന കനാലിന്റെ നിർമ്മാണം ആരംഭിച്ചത്. 2006ൽ ജലസേചനവകുപ്പ് മന്ത്രിയായിരുന്ന ടി.എം. ജേക്കബ് അനുവദിച്ച പദ്ധതിക്ക് 36 കോടി രൂപയായിരുന്നു വകയിരുത്തിയത്. ആറ് കിലോമീറ്റർ മാത്രം നീളത്തിലായിരുന്നു കനാൽ. എന്നാൽ പിന്നീട് പല കാരണങ്ങളാൽ കനാൽ പല വഴിക്കായി തിരിച്ചുവിട്ടതോടെ നീളം 12 കി.മീറ്ററായി. മരങ്ങോലി, കുന്നപ്പിള്ളി, മൂർക്കാട്ടിൽപടി, കോയിക്കൽപടി, കാരിക്കോട് ശിവക്ഷേത്രം, ആനക്കുഴി നിരപ്പ്, കരിമ്പിൽ, ഓട്ടം കാഞ്ഞിരംഭാഗം, പുത്തൻക്കുളങ്ങര വഴി വാനനിരപ്പേൽ, ചേലച്ചുവട്, പുതുമാലക്കുഴി, പള്ളിനിരപ്പ് വഴി മുളക്കുളം ഇടയാറ്റ് പാടത്തെ അരീക്കര തോട്ടിൽ ആണ് കനാൽ അവസാനിക്കേത്.

 പുരയിടങ്ങളിലെ മണ്ണ് ഇടിഞ്ഞുവീഴുന്നു

കനാലിനായി വലിയ താഴ്ച്ചയിൽ മണ്ണെടുത്തതിനെ തുടർന്ന് ഓട്ടകാഞ്ഞിരം, പുതുമാലക്കുഴി ഭാഗങ്ങളിലെ പുരയിടങ്ങളിലെ മണ്ണ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. കൂടാതെ ഇവിടം പാമ്പ്, ഉടുമ്പ്, കീരി, എലി തുടങ്ങിയ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയെന്നും നാട്ടുകാർ പറയുന്നു. കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു