കടുത്തുരുത്തി : വീടുകളുടെ ടെറസിലും സമീപത്തുമായി കൃഷി നടത്തുന്ന കർഷകർക്ക് ഭീഷണിയായി പ്രാണി ശല്യം വർദ്ധിക്കുന്നു. ചാഴി പോലുള്ള പ്രാണിയാണ് പയർ, പാവൽ, വെള്ളരി, വെണ്ട തുടങ്ങിയ കൃഷികൾക്ക് ഭീഷണിയായി മാറിയിട്ടുള്ളത്. മുമ്പ് ഇത്തരത്തിൽ കീടബാധയും പ്രാണിശല്യവും ഉണ്ടാകുമ്പോൾ ഉപയോഗിച്ചിരുന്നത് വെളുത്തുള്ളി നീര് തുടങ്ങിയ പരമ്പാരാഗത മരുന്നുകളായിരുന്നു. എന്നാൽ ഇത്തവണ ഇവയെ പരീക്ഷിച്ചിട്ടും കീടങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതാണ് കർഷകർക്ക് ഏറേ ബുദ്ധിമുട്ടിയിരിക്കുന്നത്. കീടങ്ങളിൽ നിന്നും പാവൽ സംരക്ഷിക്കാൻ കൂട് കെട്ടിയിട്ടും രക്ഷയില്ലാതെ മാറിയിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. കീടങ്ങൾ പയറുകളുടെ തോട് പൊളിച്ചു അകത്തുള്ള മണികൾ പൂർണമായും തിന്നു തീർക്കുകയാണ്. ആദ്യമൊക്കെ മാഞ്ഞൂരിന്റെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഇവയുടെ ശല്യം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണെന്നാണ് കർഷകർ പറയുന്നത്.