പാലാ: പോളിംഗ് ശതമാനം എങ്ങനെ വിജയത്തെ ബാധിക്കും?​ ഇതുവരെയില്ലാത്ത ചർച്ചയാണ് ഇക്കുറി പാലായിൽ. കണക്കുകൾ കൂട്ടിയും കിഴിച്ചും നേതാക്കൾ. ഏതൊക്കെ മേഖലകളിൽ വോട്ടുകൂടിയെന്നും കുറഞ്ഞെന്നും കൂലങ്കുഷമായി നോക്കുന്നു. ഇതുവരെ ഒരു സ്ഥാനാർത്ഥി മാത്രം ജയിച്ചിട്ടുള്ളതിനാൽ വോട്ടിംഗ് ശതമാനം കൂടുന്നതും കുറയുന്നതും ആരും കാര്യമാക്കിയിരുന്നില്ല. നഗരപ്രദേശങ്ങളിൽ വോട്ടുകൂടുകയും ഗ്രാമപ്രദേശങ്ങളിൽ വോട്ട് കുറയുകയും ചെയ്തത് ആരെ തുണയ്ക്കുമെന്നാണ് ഇപ്പോൾ ചർച്ച. നഗരത്തിലെയും ഗ്രാമത്തിലെയും ഉറച്ച വോട്ടുകളെല്ലാം പെട്ടിയിൽ വീണെന്ന് ഉറപ്പാണെന്ന് മൂന്ന് സ്ഥാനാർത്ഥികളും പറയുന്നു.


''പാലായിൽ ഭൂരിപക്ഷം മാത്രം നോക്കിയാൽ മതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. മുന്നണി സംവിധാനം ഒറ്റെക്കെട്ടായി പ്രയോജനപ്പെടുത്തി. പാലായിൽ മാത്രം തിരഞ്ഞെടുപ്പു നടന്നതുകൊണ്ടാകാം വോട്ടിംഗ് ശതമാനം കുറഞ്ഞത്. അന്യദേങ്ങളിലുമുള്ള പലരും വോട്ട് ചെയ്യാനെത്തിയില്ലെങ്കിലും അത് ഫലത്തെ ബാധിക്കില്ല''

- തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,​ (ഇലക്ഷൻ കമ്മിറ്റി കൺവീനർ)​



''മാണി സി. കാപ്പന്റെ ഉജ്ജ്വല വിജയത്തിൽ സംശയമില്ല. മണ്ഡലത്തിലെല്ലാം എൽ.ഡി.എഫ് പ്രവർത്തകർ ആവേശത്തിലായിരുന്നു. ചിട്ടയായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും പാലായിലെ വികസനപ്രശ്‌നങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചാണ് മാണി സി.കാപ്പൻ വോട്ട് തേടിയത്''

വി .എൻ വാസവൻ (ജില്ലാ സെക്രട്ടറി,​ സി.പി.എം)


''കാർഷിക മേഖലയിൽ നിന്നും യുവാക്കളിൽ നിന്നും സജീവ പിന്തുണ ലഭിച്ചു. കിസാൻ സമ്മാൻ നിധി കർഷകരെയും മോഡി ഫാക്ടർ ചെറുപ്പക്കാരെയും ബി.ജെ.പിക്ക് അനുകൂലമാക്കി.
മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യേണ്ടെന്ന് കരുതിയിരുന്നവരും വോട്ട് ചെയ്യാനെത്തി''

അഡ്വ.എസ്. ജയസൂര്യൻ (കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ്)​