bjp

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പിയിൽ കലഹം. പാർട്ടി വോട്ടുമറിക്കൽ ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്നതിനിടെ പാർട്ടി പാലാ മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർജീവമായിരുന്നെന്ന കാരണത്താലാണ് സസ്പെൻഷനെങ്കിലും വോട്ടുമറിക്കലുമായി ബന്ധപ്പെട്ട 'മുൻകൂർ ജാമ്യ"മാണ് ഇതെന്നാണ് സൂചന.

ഒരു ബൂത്തിൽ നിന്ന് 34 വോട്ട് വീതം മറിച്ച് ബി.ജെ.പി ജോസ് ടോമിനെ സഹായിക്കുമെന്നായിരുന്നു മാണി സി.കാപ്പന്റെ ആരോപണം. ഇത് തിരഞ്ഞെടുപ്പുദിവസം വരെ ചർച്ചയായി. പാലായിൽ തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ബിനു പ്രചാരണത്തിൽ സജീവമായില്ലെന്ന് നേതൃത്വം പറയുന്നു. പലതവണ ചൂണ്ടിക്കാട്ടിയിട്ടും അനുസരിക്കാത്തതിനെ തുടർന്ന് വോട്ടെടുപ്പ് കഴിഞ്ഞയുടൻ നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ബിനുവിനെ തഴഞ്ഞതിലുള്ള അതൃപ്തിയിൽ അദ്ദേഹം നേരത്തേ രാജിക്കത്ത് നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.